തലശ്ശേരി: റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണൻ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റബ്ബർ കർഷകർക്ക് പ്രതീക്ഷ. റബർ കർഷകരുടെ പ്രശ്‌നങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ ഉണ്ടാകണമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിഷപ് ഹൗസിലെത്തി ബിഷപ്പുമായി വൈസ് ചെയർമാൻ കൂടിക്കാഴ്ച നടത്തിയത്.
റബർ കർഷകരുടെ പ്രതിസന്ധികളിൽ റബർ ബോർഡിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് വൈസ് ചെയർമാൻ ഉറപ്പു നൽകി. ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ കർഷകരുടെ വേദനയാണ് നിഴലിക്കുന്നതെന്ന് റബർ ബോർഡ് വൈസ് ചെയർമാൻ പറഞ്ഞു. റബറിനെ കാർഷിക വിളയായി പരിഗണിക്കുക, സിന്തറ്റിക് റബറിനെയും പ്രകൃതിദത്തമായ റബറിനെയും ഒരേ രീതിയിൽ പരിഗണിച്ചു കൊണ്ടുള്ള ഇറക്കുമതി നയങ്ങൾ പുനഃപരിശോധിക്കുക, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും റബർ കർഷകർക്ക് സബ്‌സിഡികൾ അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ കേരളം സന്ദർശിക്കുന്ന അവസരത്തിൽ റബർ കർഷകരുടെ വിഷയങ്ങൾ സംസാരിക്കാനുള്ള അവസരം ഒരുക്കാമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. റബർ ബോർഡിന്റെ നിരവധിയായ ആനുകൂല്യങ്ങൾ സാധാരണ കർഷകർ അറിയാത്തതുമൂലം അവരിലേക്ക് അവ എത്താത്ത സാഹചര്യങ്ങൾ പരിഹരിക്കണമെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.
തലശേരി അതിരൂപത പ്രോട്ടോ സിഞ്ചൂസ് മോൺ. ആന്റണി മുതുകുന്നേൽ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, പ്രോക്യൂറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |