കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ സാരഥി സോഫ്റ്ര് വെയർ പണിമുടക്കിയതോടെ ലൈസൻസ് സംബന്ധമായ കാര്യങ്ങൾ ഉൾപ്പെടെ ഓൺലൈൻ വഴി ചെയ്യാൻ തടസ്സം നേരിടുന്നു. കഴിഞ്ഞ രണ്ട് മാസമായി സോഫ്റ്റ് വെയറിൽ ലൈസൻസ് സംബന്ധമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്ന് ഇടപാടുകാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൈകീട്ട് അഞ്ചരയ്ക്ക് ശേഷമാണ് സോഫ്റ്റ് വെയർ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത്. ഇതോടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, പുതിയ ലേണേഴ്സ് ലൈസൻസ് എടുക്കൽ, പി.വി.സി കാർഡിലേക്ക് മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും തടസം നേരിടുകയാണ്.
പുതിയതായി ലേണിംഗ് ടെസ്റ്റിന് അപേക്ഷിക്കുന്നതിനും അപേക്ഷിച്ചവർക്ക് ഫീസ് അടച്ച് ഡേറ്റ് എടുക്കാൻ കഴിയാത്ത സാഹചര്യവുമാണ്. ഡ്രൈവിംഗ് സ്കൂളുകളെയാണ് പ്രശ്നം കൂടുതൽ പ്രതിസന്ധിയിലാക്കിയത്. അവധി കാലമായതിനാൽ നിരവധി വിദ്യാർത്ഥികൾ ഡ്രൈവിംഗ് പഠിക്കാനെത്തുന്നുണ്ട്.
നിലവിലെ ലൈസൻസ് സ്മാർട്ട് കാർഡ് ആയി മാറ്റുന്നതിനും അപേക്ഷകരുടെ ഒഴുക്കാണ്. 200 രൂപയാണ് ഇതിനായി ഫീസ് അടക്കേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സാരഥി സോഫ്റ്റ് വെയർ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ഉപയോഗിക്കുന്നുണ്ട്. പ്രശ്നം സംബന്ധിച്ച് ആർ.ടി.ഒ അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ട്രഷറിയിൽ നിന്നുമാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നുമാണ് പറയുന്നതെന്നും ഇടപാടുകാർ പറഞ്ഞു.
പണം പോയി, രശീതിയില്ല
ഫീസ് അടക്കുന്നത് വരെയുള്ള നടപടികൾ സാദ്ധ്യമാകുന്നുണ്ട്. എന്നാൽ അക്കൗണ്ടിൽ നിന്നും പണം പോകുന്നതല്ലാതെ ഇത് സംബന്ധിച്ചുള്ള യാതൊരു രശീതിയും പണമടക്കുന്നവർക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ലൈസൻസ് പുതുക്കുന്നതിന് ഒരു വർഷം തികയാൻ ഒന്നോ രണ്ടോ ദിവസം മാത്രമുള്ളവരും ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട് അടുത്ത ഡേറ്റ് എടുക്കേണ്ട ആളുകളുമെല്ലാം ഇത് കാരണം വളരെ പ്രയാസപ്പെടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |