കണ്ണൂർ: കഴിഞ്ഞദിവസങ്ങളിൽ തമിഴ്നാട്ടിൽ നാശം വിതച്ച കനത്ത മഴ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരാൻ ഇടയാക്കി. മണ്ഡലകാലമായതിനാൽ ഇത് അയ്യപ്പ തീർത്ഥാടകർക്കും വൻ തിരിച്ചടിയായി.
മണ്ഡല മകരവിളക്കു കാലത്ത് സാധാരണ പച്ചക്കറികൾക്ക് വില ഉയരാറുണ്ടെങ്കിലും ഇത്രയും ഉയരുന്നത് സമീപകാലത്ത് ആദ്യമാണ്. കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്ന തമിഴ്നാട്ടിലും കർണാടകയിലും കാലം തെറ്റി പെയ്ത മഴയാണ് റെക്കോഡ് വിലക്കയറ്റത്തിനു കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. പല പച്ചക്കറികൾക്കും ഒരാഴ്ചകൊണ്ട് 10 മുതൽ 50 രൂപവരെയാണ് വർദ്ധിച്ചത്. ഓണക്കാലത്തിനു സമാനമായ വില വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതൽ വില വർദ്ധിച്ചത് മുരിങ്ങക്കയ്ക്കാണ്. 80 രൂപയിൽ നിന്നു 200 രൂപയിലേക്കെത്തി. ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുരിങ്ങയാണ് കൂടുതലായും കിട്ടുന്നത്. തണുപ്പ് തുടങ്ങിയാൽ ഇതിന്റെയും വരവ് കുറയും.
നാടൻ മുരിങ്ങക്ക എത്തിത്തുടങ്ങിയാൽ കയറിയതുപോലെ വില താഴും.
ചെറിയ സവാളയുടെ വില കിലോഗ്രാമിനു 40 രൂപയും പൂനെയിൽ നിന്നെത്തിക്കുന്ന വലുപ്പമുള്ള സവാളയുടെ വില 80 രൂപയുമാണ്. ഉയർന്ന വില കൊടുത്താലും നല്ല സവാള കിട്ടാനുമില്ല. ഇഞ്ചിവില നൂറു കടന്നു. കഴിഞ്ഞമാസം ആദ്യം 40 രൂപയുണ്ടായിരുന്ന ബീറ്റ്റൂട്ടിന് 60-70 രൂപയാണു വില. ബീറ്റ്റൂട്ടിന് ഇത്രയും വില കൂടുന്നത് ഇതാദ്യമാണ്. 55 രൂപയായിരുന്ന തേങ്ങയ്ക്ക് ഇപ്പോൾ 64 രൂപയായി. തേങ്ങാവില കൂടിയത്തോടെ വെളിച്ചെണ്ണയുടെ വിലയും കൂടുന്നുണ്ട്. കാബേജ്, വെണ്ടയ്ക്ക, തക്കാളി, കോവയ്ക്ക, ബീൻസ്, പയർ, മത്തങ്ങ, പടവലം എന്നിവയ്ക്ക് മൊത്തവിപണിയിൽ കാര്യമായ തോതിൽ വില വർദ്ധിച്ചിട്ടില്ലങ്കിലും ചെറുകിട വ്യാപാരികൾ തോന്നിയ വിലയാണ് ഈടാക്കുന്നത്.
ഏത്തപ്പഴ വിലയും മുകളിലേക്ക്
ഏത്തപ്പഴത്തിന്റെ വിലയും ഉയരുകയാണ്. വില കിലോഗ്രാമിന് 70 - 75 രൂപവരെയാണ് നിലവിൽ വിപണി വില. 45- 50 രൂപയായിരുന്നു അടുത്തിടെ വില. പഴത്തിനൊപ്പം പച്ചക്കായയുടെ വിലയും ഉയർന്നിട്ടുണ്ട്. 35 രൂപയിൽ നിന്ന് 50 രൂപയിലെത്തി.
പച്ചക്കറി വില നിലവാരം
സവാള വലുത് 80
ചുവന്നുള്ളി 120
ഇഞ്ചി 95-100
ബീൻസ് 60
വെണ്ട 50
കാരറ്റ് 90
ബീറ്റ്റൂട്ട് 80
തക്കാളി 60
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |