തൃശൂർ: പണ്ഡിറ്റ് രവിശങ്കറിന്റെ മകൾ അനുഷ്ക ശങ്കർ ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ മാസം അഞ്ചിന് ഒരു കൊമ്പനെ നടയിരുത്തും. അവനെ എഴുന്നള്ളിക്കാൻ മൂന്നടി അകലം വേണ്ട, വെയിലും മറ്റ് നിബന്ധനകളും നോക്കേണ്ട. കോമ്പാറ കണ്ണനെന്ന ഈ യന്തിരൻ കൊമ്പന് ഏത് ഉത്സവത്തിനും എഴുന്നള്ളാം.
ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജീവനുള്ള ആനയെ എഴുന്നള്ളിക്കില്ലെന്ന ക്ഷേത്ര ഭാരവാഹികളുടെ തീരുമാനത്തിന് പിന്തുണ നൽകിയാണ് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസിന്റെ (പെറ്റ) ആഭിമുഖ്യത്തിൽ യന്തിരനെ സംഭാവന ചെയ്തത്. കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ മാസം അഞ്ചിന് നടയിരുത്തും. ഗ്രാമി നോമിനിയും സിത്താറിസ്റ്റുമായ അനുഷ്‌ക ശങ്കർ ഏകദേശം ആറ് ലക്ഷം രൂപയോളം ഇതിനായി ചെലവഴിക്കും. 800 കിലോഗ്രാം ഭാരവും മൂന്ന് മീറ്റർ ഉയരവുമുണ്ട് ഫൈബറിലും റബ്ബറിലും പണിതീർത്ത കോമ്പാറ കണ്ണന്.
ഉണ്ണായി വാരിയർ മെമ്മോറിയൽ കലാനിലയം സെക്രട്ടറി സതീഷ് വിമലൻ അഞ്ചിന് രാവിലെ 10.30ന് കോമ്പാറ കണ്ണനെ നടയിരുത്തും. ക്ഷേത്രം സെക്രട്ടറി രവി നമ്പൂതിരിയുടെയും ഭക്തരുടെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിന് ശേഷം കലാമണ്ഡലം ഹരീഷ് മാരാർ നയിക്കുന്ന പഞ്ചാരിമേളവും നടക്കും. തൃശൂരിൽ ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലും മുൻപ് മറ്റൊരു യന്തിരൻ ആനയെ നടയിരുത്തിയിരുന്നു. ഇരിങ്ങാടപ്പിള്ളി രാമൻ എന്ന പേരിലുള്ള യന്തിരൻ ആനയെ 2023 ഫെബ്രുവരിയിലാണ് കൈമാറിയത്. കേരളത്തിൽ അഞ്ചാമത് ക്ഷേത്രത്തിലാണ് റോബോട്ട് ആനയെ പെറ്റ സമ്മാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |