തളിപ്പറമ്പ്: കമ്മ്യൂണിസ്റ്റുകാരെ ദുർബലപ്പെടുത്താനും അധികാരം പിടിക്കാനും കോൺഗ്രസും ലീഗും നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ അധികാരം പിടിക്കാനാണ് വർഗ്ഗീയ ശക്തികളുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അധികാരം കിട്ടാത്ത മോഹഭംഗം യു.ഡി.എഫിനുണ്ട്. വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തിൽ വരാൻ കഴിയുമോയെന്നാണ് അവരുടെ ശ്രമം. നാല് വോട്ടിനു വേണ്ടി മുസ്ലീം ലീഗ് മതരാഷ്ട്രവാദികളുടെ കൂട്ടുപിടിക്കുന്നു. എന്നാൽ വോട്ടിനു വേണ്ടി ഇടതുപക്ഷം ഒരിക്കലും വർഗ്ഗീയതയുമായി സന്ധി ചെയ്യില്ലെന്ന് പിണറായി പറഞ്ഞു.
എസ്.ഡി.പി.ഐയുടെയും ജമാത്തെ ഇസ്ലാമിയുടെയും പ്രവർത്തനം ആർ.എസ്.എസിന്റെ മറ്റൊരു വശമാണ്. രാജ്യത്ത് ഹിന്ദുത്വശക്തികൾ ഭരണം നടത്തുന്നത് കോർപ്പറേറ്റ് ശക്തികൾക്കുവേണ്ടിയാണ്. അഞ്ച് ശതമാനം കോർപറേറ്റുകളുടെ കൈയിൽ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവർക്കെതിരെ സ്വാഭാവികമായി ഉയർന്നു വരുന്ന പ്രതിഷേധം ഇല്ലാതാക്കുന്നതിനാണ് ഹിന്ദുത്വശക്തികൾ വർഗ്ഗീയ ലഹളയുണ്ടാക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വർഗീയ ലഹളകളുണ്ടാവുന്നത്. ഇതിൽ നിന്നുതന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. കോർപ്പറ്റുകൾക്കായി പൊതുമേഖല സ്ഥാപനങ്ങളെ പൊതുവിപണിയിൽ ലേലം ചെയ്തു വിറ്റഴിക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാരുകളെ ലേലത്തിൽ പങ്കെടുക്കാൻ വിടുന്നില്ല. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യകമ്പനി സ്വന്തമാക്കിയത് നമ്മൾ കണ്ടതാണ്.
ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ അജണ്ട കോൺഗ്രസ് സ്വീകരിക്കുന്നില്ല. മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗ്ഗീയതയോട് കർശനനിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സർവകലാശാലകളിൽ ആദ്യ 12ൽ മൂന്നെണ്ണം കേരളത്തിലാണ്. രാജ്യത്തെ 100 കോളേജുകളിൽ 16 മികച്ച കോളേജുകളും കേരളത്തിൽ തന്നെ. ഈ മികവ് നശിപ്പിക്കാൻ സർവകലാശാലകളെ ഗവർണ്ണറെ ഉപയോഗപ്പെടുത്തി തടയുന്നു. ഇപ്പോഴും ആ ശ്രമം തുടരുന്നു. ഫെഡറൽ സംവിധാനത്തെ കത്തിവെക്കാൻ ശ്രമം നടക്കുന്നുണ്ട്. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി പറയുന്ന കോൺഗ്രസ് പക്ഷെ, ഇത്തരം നയങ്ങളെ പിന്തുണക്കുകയാണെന്നും പിണറായി ആരോപിച്ചു. കേരളത്തിൽ ഉണ്ടായ ദുരന്തങ്ങളെ നേരിടുന്ന കാര്യത്തിലും കോൺഗ്രസും യു.ഡി.എഫും ഇതേ നയം സ്വീകരിക്കുന്നു. ഇടതു സർക്കാറിനെ തകർക്കുന്ന നയമാണ് ബി.ജെ.പി നടപ്പിലാക്കുന്നത്. രാജ്യത്തെ ഏക ഇടതുസർക്കാർ കേരളത്തിൽ ബദൽ നയമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |