കണ്ണൂർ: മാലിന്യ സംസ്കരണത്തിന്റെ മികച്ച മാതൃകയുമായി മയ്യിൽ മുല്ലക്കൊടി യു.പി. സ്കൂൾ വിദ്യാർത്ഥികൾ. ബസ് യാത്രക്കാരുടെ കൈയിലുളള ബസ് ടിക്കറ്റും ആവശ്യമില്ലാതെ വലിച്ചെറിയുന്ന രശീതികളുമെല്ലാം ശേഖരിച്ച് വീണ്ടും കടലാസ് നിർമ്മിക്കാൻ നൽകുകയാണ് വിദ്യാലയത്തിലെ കൊച്ചുമിടുക്കർ.
കഴിഞ്ഞ അഞ്ചുമാസമായി കുട്ടികളുടെ പ്രധാന ഹോബി ബസ് ടിക്കറ്റ് ശേഖരണമാണ്. കഴിയാവുന്നിടത്ത് നിന്നെല്ലാം കുട്ടികൾ ടിക്കറ്റുകൾ ശേഖരിച്ചു. ഇപ്പോൾ എല്ലാം ചേർത്ത് അരച്ചാക്ക് ബസ് ടിക്കറ്റ് സ്കൂളിൽ ശേഖരിച്ചു കഴിഞ്ഞു. സ്കൂളിൽ പ്രത്യേക ബാഗ് ഒരുക്കി അതിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്കൂളിൽ നടന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ. സോമശേഖരനാണ് ഇങ്ങിനെ ഒരു ആശയം മുന്നോട്ടുവെച്ചത്. വിദ്യാർത്ഥികളും അദ്ധ്യാപകരും അഭിപ്രായത്തെ പിന്തുണച്ചു.
വിദ്യാർത്ഥികൾ ശേഖരിച്ച ആയിരക്കണക്കിന് ടിക്കറ്റുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ അധികൃതർക്ക് കൈമാറും.
വിദ്യാർത്ഥികൾ പറയുന്നു...
ഓരോ ബസ്സ് ടിക്കറ്റ് നമ്മൾ വലിച്ചെറിയുമ്പോഴും അങ്ങ് ദൂരെ എവിടെയെങ്കിലും നിരവധി മരങ്ങൾ മുറിഞ്ഞു വീഴുന്നുണ്ടാവും. കടലാസ് നിർമ്മിക്കാൻ മരങ്ങൾ വേണമല്ലോ. ബസ് ടിക്കറ്റുകൾ എല്ലാം കടലാസ് കൊണ്ട് നിർമ്മിച്ചവയാണ്. അവ ഒറ്റത്തവണ ഉപയോഗത്തിന് ശേഷം വലിച്ചെറിയും. ചിലർ കത്തിക്കും. അവ യഥാസമയം ശേഖരിച്ച് അല്പം രാസപദാർത്ഥങ്ങൾ ചേർത്ത് പൾപ്പ് രൂപത്തിലേക്ക് മാറ്റി വീണ്ടും കടലാസ് നിർമ്മിക്കാൻ സാധിക്കും. ബസ് ടിക്കറ്റ് ശേഖരിക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ വിദ്യാർത്ഥികളുടെ ഉത്തരം ഇങ്ങനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |