
കഴക്കൂട്ടം: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പുതുക്കുറുച്ചി ചൂരക്കുഴി സ്വദേശി ഷാജി പീറ്ററാണ് പിടിയിലായത്.
കഠിനംകുളം വെട്ടുതുറ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ജോസഫിന്റെ പരാതിയിലാണ് നടപടി.ജോസഫിന്റെ മകന് ജോലിക്കായി കാനഡയിൽ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 14 ലക്ഷം രൂപയാണ് പ്രതി കൈപ്പറ്റിയത്.ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമാണ് പണം കൈമാറിയത്.
വിസ ഉടൻ ശരിയാകുമെന്നും,യാത്രയ്ക്ക് തയ്യാറെടുക്കണമെന്നും പറഞ്ഞ് ഇയാൾ കുടുംബത്തെ നിരന്തരം വിശ്വസിപ്പിച്ചിരുന്നു.എന്നാൽ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം പ്രതി നൽകിയ വിസയും ടിക്കറ്റും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.
ജോസഫും കുടുംബവും പണം തിരികെയാവശ്യപ്പെട്ടതോടെ ഇയാൾ ഒഴിഞ്ഞുമാറുകയും,മകന്റെ പാസ്‌പോർട്ട് പേജുകൾ കുത്തിവരച്ച് വികൃതമാക്കിയ നിലയിൽ തിരികെ നൽകുകയും ചെയ്തു.തുടർന്ന് കുടുംബം കഠിനംകുളം പൊലീസിൽ പരാതി നൽകിയതോടെ,ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽപ്പോയി. ഒരു മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഷാജി പീറ്ററിനെ, കഴിഞ്ഞ ദിവസം ഫോൺ സ്വിച്ച് ഓൺ ചെയ്തതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ പൂന്തുറയിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതി സമാനമായ രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.കഠിനംകുളം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |