കിഴക്കമ്പലം: അനാഥാവസ്ഥയിൽ കിടന്ന പട്ടിമറ്റം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിന് പുനർജനി. തിരിഞ്ഞുനോക്കാൻ ആളില്ലാതെ വന്നതോടെ ജീർണാവസ്ഥയിലായ കെട്ടിടം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വ്യാപാരാവശ്യങ്ങൾക്കുൾപ്പെടെ ഉപയോഗപ്പെടുത്താവുന്ന വിധം പരിഷ്കരിക്കാൻ പുതിയ ഭരണസമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച് കേരളകൗമുദി നൽകിയ വാർത്തകളെ തുർന്നാണ് നടപടി
ഇന്നലെ പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തരമായി കെട്ടിടത്തിന്റെ പരിഷ്കരണം പൂർത്തിയാക്കുമെന്ന് അറിയിച്ചു.
പട്ടിമറ്റം ടൗണിന്റെ ഹൃദയഭാഗത്ത് മൂന്ന് നിലകളിലായി 3200 ചതുരശ്രയടിയിൽ 2013ൽ പൂർത്തിയാക്കി നാടിന് സമർപ്പിച്ച കെട്ടിടമാണിത്. സ്വകാര്യവ്യക്തി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് അധികൃതർ കെട്ടിടത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽനിന്ന് പിന്നോട്ടുപോയത്. കോടതിയിൽ നൽകിയ കേസ് പിൻവലിക്കുമെന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നാലുവർഷംമുമ്പുവരെ എസ്.ബി.ഐ പട്ടിമറ്റം ശാഖ താഴത്തെനിലയിൽ 45,000രൂപ മാസവാടകയ്ക്ക് പ്രവർത്തിച്ചിരുന്നു. കൂടുതൽ സൗകര്യങ്ങളോടെ ശാഖ മാറിയതോടെയാണ് നിയമപ്രശ്നങ്ങളുടെ തുടക്കം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള ജയഭാരത് വായനശാലയ്ക്കുവേണ്ടി താഴത്തെനില നൽകണമെന്നായിരുന്നു ഹർജി. കേസ് നടത്തിപ്പിൽ മുൻ പഞ്ചായത്ത് ഭരണസമിതി കാണിച്ച അനാസ്ഥയാണ് കേസ് അനിശ്ചിതമായി നീളാൻ കാരണമായതെന്നാണ് ആക്ഷേപം.
രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികൾക്ക് വേദിയാകേണ്ട ടൗണിലെ പ്രധാന ഓപ്പൺഎയർ സ്റ്റേജും ഇവിടെയാണ്. ഇതടക്കം സംരക്ഷിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഷോപ്പിംഗ് കോംപ്ളക്സ് നശിക്കുന്നതോടെ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന പട്ടിമറ്റത്തെ വായനശാല കൂടിയാണ്.
ഷോപ്പിംഗ് കോംപ്ലക്സ് നാൾവഴി
1 നിർമ്മാണം പൂർത്തിയാക്കിയത് 2012ൽ
2 നിർമ്മാണം കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്ന് 60 ലക്ഷംരൂപ ലോണും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച്
3 നാശോന്മുഖമാകുന്നത് 50,000 രൂപയ്ക്ക് മുകളിൽ പഞ്ചായത്തിന് വാടകയായി മാസവരുമാനം ലഭിക്കാവുന്ന കെട്ടിടം
4 നിലവിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇവിടം
5 പട്ടിമറ്റത്തെ ഏക ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതിനോടനുബന്ധിച്ചാണ്
6മദ്യമടക്കമുള്ള ലഹരി ഉപയോഗിക്കുന്നവർ ഇവിടത്തെ ഓപ്പൺഎയർ സ്റ്റേജും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ മുറികളുടെ മുൻഭാഗവും അന്തിയുറക്കത്തിന് കൈയേറി
7 അന്തിമയങ്ങിയാൽ ആർക്കും ഇതിലേ പോകാൻ കഴിയാത്ത അവസ്ഥയാണ്.
കേസ് നടത്തിപ്പിലെ ഗുരുതരവീഴ്ചയാണ് പഞ്ചായത്തിന് ലഭിക്കേണ്ട വാടകയടക്കം നഷ്ടപ്പെടാൻ കാരണം. ഇതിന് ശാശ്വത പരിഹാരമായി കെട്ടിടം ഉടനടി അറ്റകുറ്റപ്പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കും
എ.പി. കുഞ്ഞുമുഹമ്മദ്,
പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |