കരാറുകാരന് അരലക്ഷത്തിന്റെ നഷ്ടം
ഭീമനടി :റോഡ് പ്രവൃത്തിക്കായി എത്തിച്ച മിക്സർ മെഷീൻ രാത്രിയിൽ സ്റ്റാർട്ടാക്കി വച്ച സാമൂഹിക ദ്രോഹികൾ കരാറുകാരന് വരുത്തിയത് അരലക്ഷത്തോളം രൂപയുടെ നഷ്ടം. വെസ്റ്റ് എളേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽപ്പെടുന്ന മേലടക്കം- ഓട്ടപ്പടവ് റോഡ് 2024-25 വാർഷിക മെയിന്റയിൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ വേണ്ടി കരാറുകാരൻ കൊണ്ടുവന്ന വലിയ മിക്സർ മെഷീനാണ് രാത്രിയിൽ സ്റ്റാർട്ട് ചെയ്തത് . പുലർച്ചെ ആറ് മണിക്ക് ജോലിക്കാരുമായി കരാറുകാരൻ എത്തുന്നതു വരെ പ്രവർത്തിച്ച മിക്സർ യൂണിറ്റിന് അതിനകം കേടു വന്നിരുന്നു.
കരാറുകാരൻ അപ്പോൾ തന്നെ വാർഡ് അംഗം റൈഹാനത്തിനെ വിളിച്ചുവരുത്തി സംഭവം ശ്രദ്ധയിൽപെടുത്തി. ഏകദേശം ആറുമണിക്കൂറോളം മെഷീൻ പ്രവർത്തിച്ചുവെന്നാണ് പരിശോധിച്ച മെക്കാനിക്ക് പറഞ്ഞത്. വയറിംഗും ഓയിലും കത്തിയതുവഴി വൻ നഷ്ടം നേരിട്ടെന്ന് കരാറുകാരൻ മാലോം സ്വദേശി ലിൻസി എൻ കുര്യൻ പറഞ്ഞു.മെഷീനെ കുറിച്ച് അറിയുന്ന ആളുകൾക്ക് മാത്രമെ സ്റ്റാർട്ട് ചെയ്തിടുവാൻ സാധിക്കുകയുള്ളുവെന്നും ഇദ്ദേഹം പറഞ്ഞു. കരാറുടമ
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |