നീലേശ്വരം: നാസയുടെ സിറ്റിസൺ സയന്റിസ്റ്റ് പ്രൊജക്ടിൽ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി നീലേശ്വരം സ്വദേശിയായ 13 കാരൻ. ബെംഗളൂരു അമരജ്യോതി പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി സൂര്യ നാരായണൻ അരമനയാണ് ഐ.എ.എസ്.സി എന്ന നാസ സിറ്റിസൺ സയന്റിസ്റ്റ് പ്രൊജക്ടിൽ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ പ്രധാന ഛിന്നഗ്രഹ വലയത്തിൽ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്. ഇവയ്ക്ക് നിലവിൽ 2023 വി.ബി 20, 2023 ഡബ്ല്യു.സി 48 എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്.
ഛിന്നഗ്രഹങ്ങളെ സൂര്യ നാരായണൻ പ്രാഥമികമായി അടയാളപ്പെടുത്തിയ വർഷങ്ങളെയാണ് ഈ താത്കാലിക പേര് സൂചിപ്പിക്കുന്നത്. ഇവയ്ക്ക് സ്വന്തമായി പേര് നൽകാനുള്ള ബഹുമതിയും സൂര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. നീലേശ്വരം സ്വദേശി ഉമേശൻ അമരനയുടെയും പിലിക്കോട് സ്വദേശിനി പി.വി രമ്യ നായരുടെയും മകനാണ് സൂര്യ നാരായണൻ. ബെംഗളൂരുവിൽ കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആണ് ഉമേശൻ. എൻജിനീയറിംഗ് ബിരുദധാരിണിയായ രമ്യ സൈക്കോളജിസ്റ്റും ആണ്. സൂര്യനാരായണന്റെ ജനനവും പ്രാഥമിക വിദ്യാഭ്യാസവുമെല്ലാം ബെംഗളൂരുവിൽ തന്നെയായിരുന്നു. പത്ത് വയസ് മുതൽ തന്നെ ബഹിരാകാശത്തെ സംബന്ധിക്കുന്ന വിഷയങ്ങളിലും ആസ്‌ട്രോണമിയിലും അതീവ തൽപരനായിരുന്നു.
സൂര്യ ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ അന്തർദേശീയ ആസ്‌ട്രോ റിസർച്ച് ക്യാമ്പയിനിന്റെ വിജ്ഞാപനം ശ്രദ്ധയിൽ പെട്ടു. ബഹിരാകാശ വിഷയങ്ങളിൽ തൽപരരായ വിദ്യാർത്ഥികൾ രാജ്യത്തെമ്പാടും നിന്നെത്തി മാറ്റുരയ്ക്കുന്ന മത്സരമാണിത്. ലാപ്‌ടോപും ഇന്റർനെറ്റ് കണക്ഷനും ഉള്ളവർക്ക് പങ്കെടുക്കാം.
അക്കാഡമിക് മേഖലയിലും സൂര്യ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എസ്.ഒ.എഫ്, സിൽവർസോൺ, എൻ.എ.സി എന്നിവയുൾപ്പെടെ വിവിധ ഒളിമ്പ്യാഡുകളിൽ ഒന്നിൽ അധികം അന്തർദേശീയ, സോണൽ റാങ്കുകൾ നേടിയിട്ടുണ്ട്. ഈ വർഷത്തെ സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷന്റെ അക്കാഡമിക് എക്സലൻസ് അവാർഡ് ജേതാവ് കൂടിയാണ്. ബംഗളൂരു അമരജ്യോതി പബ്ലിക് സ്‌കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് സൂര്യയുടെ സഹോദരി തേജസ്വി നാരായണൻ.
കണ്ടെത്തിയത് 20 ഛിന്നഗ്രഹങ്ങളെ
അംഗീകാരം രണ്ടെണ്ണത്തിന്
രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ പങ്കെടുത്ത ക്യാമ്പയിനുകളിലൂടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഭാഗമായി 20ലധികം ഛിന്നഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. ഇതിൽ രണ്ട് ഗ്രഹങ്ങളെയാണ് നിലവിൽ നാസ അംഗീകരിച്ചത്. ഹവായിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിയിലെ പാൻ സ്റ്റാർസ് ടെലിസ്‌കോപ്പുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിന് ആസ്‌ട്രോമെട്രിക്ക എന്ന സോഫ്റ്റ് വെയർ ആണ് ഉപയോഗിച്ചത്. പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് നാസ ഇത് സ്ഥിരീകരിച്ചത്. ഇതിന് മുൻപ് മൂന്ന് പ്രൊജക്ടുകളിലായി 23 പ്രാഥമിക കണ്ടുപിടിത്തങ്ങൾ ചെറുപ്രായത്തിൽ തന്നെ സൂര്യ നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |