കണ്ണൂർ: കമ്യൂണിസ്റ്റ് ആദർശങ്ങളുടെ കരുത്തായ കണ്ണൂർ എന്നും വി.എസ് അച്യുതാനന്ദന്റെ ഹൃദയത്തോടടുത്തുനിന്ന നാടായിരുന്നു. ചരിത്രത്തിനൊപ്പം നടന്ന ഈ നേതാവിന്റെ വിയോഗത്തിൽ കണ്ണൂരിന്റെ മണ്ണിൽ നിന്നും ആയിരക്കണക്കിന് ഹൃദയങ്ങൾ വിങ്ങി. ജില്ലയുടെ വിവിധ കോണുകളിൽ നിന്നായി പാർട്ടി പ്രവർത്തകരും സാധാരണക്കാരും തിരുവനന്തപുരത്തേക്കും ആലപ്പുഴയിലേക്കും വിലാപയാത്രയിൽ പങ്കുചേരാനെത്തി.
കൂത്തുപറമ്പിലെ വെടിവെപ്പും മറ്റ് രാഷ്ട്രീയ സംഘർഷങ്ങളും കണ്ണൂരിനെ പല തവണ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്. ആ മുഹൂർത്തങ്ങളിലെല്ലാം വി.എസ്. ആശ്വാസത്തിന്റെ കരങ്ങൾ നീട്ടി കണ്ണൂരിലെത്തിയിരുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും പരിക്കേറ്റ പ്രവർത്തകരെ സന്ദർശിക്കാനും അദ്ദേഹം ആവർത്തിച്ച് ജില്ലയിലെത്തി.
ആർ.എസ്.എസ്, സി.പി.എം സംഘർഷകാലത്ത് ആക്രമണത്തിനിരയായവരുടെയും കൊല്ലപ്പെട്ട സഖാക്കളുടെയും കുടുംബങ്ങളെ കാണാൻ വി.എസ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെത്തി. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പനെ സന്ദർശിക്കാനുമെത്തി.
കണ്ണൂരിൽ വി.എസിന് നിരവധി ആരാധകരുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആഭിമുഖ്യത്തിലുള്ള ശക്തമായ നേതൃത്വം കണ്ണൂരിൽ ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. വലിയ ജനകീയ പോരാട്ടങ്ങൾ ഇല്ലാത്തതും പിണറായി വിജയന്റെ കണ്ണൂരിലുള്ള ആധിപത്യവും ഇതിന് കാരണമായി. എന്നിരുന്നാലും കമ്യൂണിസ്റ്റ് കോട്ടയായ കണ്ണൂർ വി.എസിന്റെ പ്രിയ നാടുകളിൽ മുന്നിലായിരുന്നു.
വി.എസിന് നിയമസഭാ സീറ്റ് നിഷേധിച്ചപ്പോൾ കണ്ണൂരിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. അഴീക്കോടൻ മന്ദിരത്തിലെ ജില്ലാ കമ്മിറ്റി ഓഫിസിലും കണ്ണൂർ ഗസ്റ്റ് ഹൗസിലുമെല്ലാം ഇടക്കിടെയെത്തിയിരുന്ന വി.എസ് പയ്യാമ്പലത്ത് പ്രഭാതനടത്തം നടത്തിയിരുന്നതും ഓർമ്മകളിൽ ശേഷിക്കുന്നു.
ബെർലിൻ കുഞ്ഞനന്തൻ നായരുടെ വീട്
കണ്ണൂരിൽ എത്തുമ്പോഴെല്ലാം നാറാത്തെ ബെർലിൻ കുഞ്ഞനന്തൻ നായരുടെ വീടാണ് വി.എസിന്റെ താവളമായിരുന്നത്. കണ്ണൂരിലെ പാർട്ടി നേതാക്കൾ ഒരുമിക്കുന്ന കേന്ദ്രബിന്ദുവായിരുന്നു ആ വീട്. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും ഒരുമിച്ച് പ്രവർത്തിച്ച സുദിനങ്ങളിൽ അവർ ആ വീട്ടിൽ ഒത്തുകൂടിയിരുന്നു.
വർഷങ്ങൾ കഴിഞ്ഞ് പിണറായിയും ബെർലിനും തമ്മിൽ അകൽച്ച ഉണ്ടായെങ്കിലും വി.എസും ബെർലിനും തമ്മിലുള്ള സൗഹൃദം തുടർന്നു. 2011 ജൂലായിൽ വി.എസ് ബെർലിന്റെ വീട്ടിലെത്തുമെന്ന പ്രഖ്യാപനം വലിയ വിവാദമായിരുന്നു. പാർട്ടിയുടെ വിലക്ക് വന്നതിനെത്തുടർന്ന് ഊണ് കഴിക്കാതെ കരിക്കിൻവെള്ളം മാത്രം കുടിച്ച് വി.എസ് മടങ്ങിയത് ചരിത്രത്തിൽ ഓർക്കപ്പെടുന്ന ഒരു സംഭവമാണ്.
എം.എൻ. വിജയനുമായുള്ള അടുപ്പം
ബെർലിൻ കുഞ്ഞനന്തൻ നായരെപ്പോലെതന്നെ എം.എൻ. വിജയനും വി.എസിനോട് അടുപ്പമുണ്ടായിരുന്ന കണ്ണൂർക്കാരനായിരുന്നു. പിണറായി വിജയന്റെ രാഷ്ട്രീയ ഗുരുകൂടിയായ എം.എൻ. വിജയൻ അദ്ദേഹവുമായി അകന്നുനിന്നെങ്കിലും വി.എസുമായുള്ള ബന്ധം തുടർന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ എം.എൻ. വിജയന്റെ പ്രധാന കർമ്മമണ്ഡലം കണ്ണൂരായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണം വി.എസിന്റെ ആരാധകരായി മാറി.
വിടവാങ്ങൽ
വി.എസ്. അച്യുതാനന്ദന്റെ നിത്യയാത്രയിൽ കണ്ണൂരിലെ വിവിധ സംഘടനകൾ അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവകക്ഷി മൗനജാഥ നടന്നു. കണ്ണൂരുകാരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിറഞ്ഞിരിക്കുന്നത് വി.എസിന്റെ കണ്ണൂർ സന്ദർശനങ്ങളുടെയും അദ്ദേഹം നൽകിയ സഹായങ്ങളുടെയും ഓർമ്മകളാണ്.
ലാളിത്യത്തിന്റെ പ്രതീകം...
പയ്യന്നൂരിലെ ഓർമ്മ
വി.എസിന്റെ ലാളിത്യത്തിന്റെ അടയാളമായി കണ്ണൂരുകാർ ഇന്നും ഓർക്കുന്ന ഒരു ചിത്രമുണ്ട്. മലയോര മേഖലകളിലെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രിയായിരുന്ന വി.എസ് പയ്യന്നൂർ സ്റ്റേഷനിലെത്തി. ട്രെയിൻ അരമണിക്കൂർ വൈകുമെന്ന് അറിഞ്ഞപ്പോൾ, സർക്കാർ റെസ്റ്റ് ഹൗസോ സ്റ്റേഷന്റെ ഉള്ളിലോ വിശ്രമിക്കാനുള്ള നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് പ്ലാറ്റ്‌ഫോമിലെ വൃക്ഷത്തിനടിയിലെ സിമന്റ് തറയിൽ കറുത്ത തുണി വിരിച്ച് ഇരുന്നു. ട്രെയിൻ വന്നതിനുശേഷം മാത്രമാണ് അദ്ദേഹം എഴുന്നേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |