കാസർകോട്: രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന ഉദുമ ഗ്രാമ പഞ്ചായത്തിലെ തീരദേശദേശമായ കാപ്പിൽ, കൊപ്പൽ, ജന്മ, കൊവ്വൽ കടപ്പുറം നിവാസികൾ നാളെ കാസർകോട് ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും. കടലാക്രമണത്തിൽ നിന്ന് പ്രദേശത്തെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും തീരുമാനിച്ചിരിക്കുന്നത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിരന്തരം നൽകിയ വാഗ്ദാനങ്ങളും ലംഘിക്കപ്പെടുകയാണെന്ന് തീരദേശസംരക്ഷണസമിതി ആരോപിക്കുന്നു. ഏത് നിമിഷവും കൂറ്റൻ തിരമാലകൾ വീടുകൾ ഒന്നാകെ വിഴുങ്ങുന്ന സാഹചര്യത്തിലാണ് കളക്ടറേറ്റ് മാർച്ചിന് ഒരുങ്ങുന്നതെന്നും ഇവർ പറഞ്ഞു. രാവിലെ ഒമ്പത് മണിക്ക് തന്നെ മാർച്ച് ആരംഭിക്കും. കടപ്പുറത്തെ രണ്ടര കിലോമീറ്റർ ദൂരത്തിൽ കടലാക്രമണം തടയുന്നതിന് സംരക്ഷണ ഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നതാണ് ഇവരുടെ അടിയന്തര ആവശ്യം.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും അഡ്വ.സി എച്ച് കുഞ്ഞമ്പു എം.എൽ.എയും മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ കടലാക്രമണപ്രദേശം സന്ദർശിച്ച് പ്രതിരോധനടപടി ഊർജ്ജിതമാക്കുമെന്ന് അറിയിച്ചതാണ്. എന്നാൽ ഇതുവരെയായി യാതൊരു നടപടിയുമുണ്ടായിട്ടില്ല. സംരക്ഷണഭിത്തി പണിയാൻ പദ്ധതി തയ്യാറാക്കിയതായി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. കടൽ തകർത്ത തീരദേശ റോഡുപോലും നാട്ടുകാർ മുൻകൈയെടുത്താണ് നിർമ്മിച്ചതെന്നതും ഇവരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു.
താറുമാറായി തീരദേശം
കാപ്പിൽ, കൊപ്പൽ, ജന്മ, കൊവ്വൽ തീരത്ത് ശക്തമായ കടലാക്രമണത്തിൽ നൂറുകണക്കിന് തെങ്ങുകളാണ് കടപുഴകിയത്. കരയുടെ വലിയൊരു ഭാഗം തന്നെ കടലെടുത്തു. പ്രതിരോധത്തിനായി സ്ഥാപിച്ച ജിയോ ബാഗുകളും പഴയ കരിങ്കൽ ഭിത്തിയും തകർത്താണ് കടൽ കയറുന്നത്. തീരദേശ റോഡും തകർന്നു. വീടുകളിലേക്ക് കടൽ കയറിയെത്താൻ ചെറിയ ദൂരം മാത്രമാണുള്ളത്. കടൽക്ഷോഭം പതിവായ പ്രദേശത്ത് ജിയോ ബാഗ് പരീക്ഷണം ഇനി വേണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
വേണ്ടത് ടെട്രാപോഡ്
കടുത്ത കടലാക്രമണം നേരിട്ടിരുന്ന ചെല്ലാനത്ത് വിജയിച്ച ടെട്രാപോഡ് സ്ഥാപിച്ച് ഉദുമ തീരം സംരക്ഷിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.ഇതിനായി നേരത്തെ പ്രത്യക്ഷ സമരങ്ങൾ നടത്തിയതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |