കൊച്ചി: ലഹരിയിൽനിന്ന് സമ്പൂർണ മുക്തി തേടി സമീപിച്ച അഞ്ച് പേരെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി കൊച്ചി സിറ്റി പൊലീസ്. ലഹരി ഉപയോഗം തുറന്നു പറഞ്ഞ അഞ്ച് പേരും വിദ്യാർത്ഥികളാണ്. സ്വമേധയാ മുന്നോട്ട് വരുന്നവരെ കേസിൽനിന്ന് ഒഴിവാക്കി, വേണ്ട പിന്തുണ ഉറപ്പാക്കുകയാണ് പൊലീസ് ചെയ്യുന്നത്. ലഹരി കേസുകൾ കുത്തനെ ഉയരുമ്പോഴും ഇവയെ പ്രതിരോധിക്കാനുള്ള പൊലീസിന്റെ ബോധവത്കരണ പദ്ധതികൾ ഫലം കാണുന്നതിന്റെ സൂചനയായാണിത്.
മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾക്ക് പരിരക്ഷ നൽകാൻ ആക്ടിലെ സെക്ഷൻ 64 എയിൽ പറയുന്നുണ്ട്. കോടതിക്ക് മാത്രമാണ് ഇതിന് അധികാരമുള്ളത്. മയക്കുമരുന്ന് കേസിൽപ്പെട്ടയാൾ ലഹരിക്ക് അടിമയാണെങ്കിൽ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാൽ മാത്രമേ നിയമപരിരക്ഷ ലഭിക്കൂ. ചെറിയ അളവിൽ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കിൽ മാത്രമാണ് പരിരക്ഷ ലഭിക്കുക. ഇത്തരത്തിൽ ലഹരി ഉപേക്ഷിക്കാൻ തയ്യാറാകുന്നവരെ ക്രിമിനലുകളായി കണക്കാക്കാതെ അവർക്ക് പിന്തുണ നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം സിറ്റി പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ ഗെയിം അഡിക്ഷൻ:
38 വിദ്യാർത്ഥികൾ കൗൺസലിംഗ്
മൊബൈൽ ഫോണിനും ഓൺലൈൻ ഗെയിമുകൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണം ജില്ലയിൽ കൂടിവരികയാണ്. കഴിഞ്ഞ മാസം 38 വിദ്യാർത്ഥികൾ കൗൺസലിംഗിന് വിധേയരായി. 96 സെഷനുകളിലായി വിദഗ്ദ്ധ കൗൺസിലിംഗുകളിലൂടെയാണ് ഫോൺ അഡിക്ഷൻ മാറ്റാനായത്. വിദേശ രാജ്യങ്ങളിൽ നിന്നുപോലും നാട്ടിലുള്ള മക്കളുടെ കാര്യത്തിൽ കൗൺസലിംഗ് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസിന് വിളി എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |