കണ്ണൂർ:കനത്ത മഴയിൽ ഉത്പ്പാദനം കുറഞ്ഞതോടെ പച്ചക്കറ വില കുതിച്ചുയർന്നു.മറുനാട്ടിൽ നിന്നും എത്തുന്ന തക്കാളി, പച്ചമുളക്, വെണ്ട്, പാവക്ക, വഴുതന, കക്കിരി തുടങ്ങിയ ഒരുവിധം പച്ചക്കറികൾക്കെല്ലാം 10 മുതൽ 25 രൂപ വരെ വർദ്ധനവുണ്ടായിട്ടുണ്ട്. നേരത്തെ കിലോയ്ക്ക് 28 മുതൽ 30 രൂപ വരെ വിലയിൽ ലഭിച്ചിരുന്ന തക്കാളിക്ക് നാൽപത് രൂപ വരെയാണ് ഇപ്പോൾ ഹോൾസെയിൽ മാർക്കറ്റിലെ വില. കിലോയ്ക്ക് 45 തൊട്ട് 50 വരെ ഉണ്ടായിരുന്ന അമരയ്ക്ക് 60 രൂപയ്ക്ക് മുകളിലെത്തി.നാൽപത് രൂപയുടെ വെണ്ടയ്ക്ക് ഇരുപത് രൂപയുടെ വർദ്ധനവാണുണ്ടായത്.കാരറ്റ് വില മുപ്പത് രൂപ വർദ്ധിച്ച് എഴുപതിലും പടവലത്തിന് പത്തുരൂപ വർദ്ധിച്ച് 40 രൂപയുമാണ് ഹോൾസെയിൽ മാർക്കറ്റ് വില. റീട്ടെയിൽ മാർക്കറ്റിൽ ഇതിലും കൂടിയ വിലയാണ് ഈടാക്കുന്നത്.
തമിഴ്നാട്ടിലെയും കർണാടകയിലേയും മഴയാണ് പച്ചക്കറി മാർക്കറ്റിനെ ബാധിച്ചത്. കേരളത്തിലേക്ക് കൂടുതലും പച്ചക്കറി എത്തുന്ന കോയമ്പത്തൂർ, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, കമ്പം, തേനി തുടങ്ങിയിടങ്ങളിൽ കനത്ത മഴ ഉത്പാദനത്തെ സാരമായി ബാധിച്ചു. അതെ സമയം വലിയുള്ളി, ചെറിയുള്ളി, വെളുത്തുള്ളി എന്നിവക്ക് വില കുറഞ്ഞിട്ടുണ്ട്.കക്കിരി, വെള്ളരി എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ്.മത്സ്യത്തിനും മാംസത്തിനും വില വർദ്ധിച്ചതിന് പിന്നാലെ പച്ചക്കറി വിലയും ഉയർന്നത് സാധാരണക്കാർക്ക്.വലിയ തിരിച്ചടിയാണ്.
ഓണവിപണി കത്തും
പ്രാദേശിക കൃഷിയിടങ്ങളിൽ വെള്ളം കയറി ചീഞ്ഞുപോയത് ഓണവിപണിയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ശക്തമായ മഴയിൽ വ്യാപകനാശമാണ് കണ്ണൂർ,കാസർകോട് ജില്ലകളിലുണ്ടായത് . കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴ കൃഷിയടക്കം വ്യാപകമായി നശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
ബിരിയാണി അരിക്കും വില കൂടി
ബിരിയാണി വെക്കാൻ ഉപയോഗിക്കുന്ന കയമ അരിക്കും വിലക്കയറ്റം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 25 മുതൽ 30 ശതമാനം വരെ വില വർദ്ധിച്ചിട്ടുണ്ട്. മില്ലിൽ നിന്ന് കിലോയ്ക്ക് 120 രൂപയ്ക്ക് ലഭിച്ചിരുന്ന അരിയുടെ വില ഇപ്പോൾ 170 രൂപയാണ്. നിലവിൽ പഴയ സ്റ്റോക്കാണ് വിൽക്കുന്നത്. പുതിയത് വരുമ്പോൾ 200 രൂപയ്ക്ക് വിൽപ്പന നടത്തേണ്ടി വരുമെന്നും വ്യാപാരികൾ പറഞ്ഞു. കയമ അരിക്ക് വില കൂടിയതിനാൽ പൊതുവെ വിലക്കുറവുള്ള കോലക്കും ബസുമതി ഇനങ്ങൾക്കും ഡിമാൻഡും വിലയും കൂടിയിട്ടുണ്ട്.
പച്ചക്കറി വില
തക്കാളി ₹44
സവാള₹24
അമര ₹60
പച്ചമുളക്₹ 85
ചേന ₹70
വെണ്ട₹60
പാവക്ക₹-60
വഴുതന₹40
കാരറ്റ്₹60
ബീറ്ററൂട്ട് ₹50
പടവലം₹45
വെളുത്തുള്ളി₹120
ചെറിയുള്ളി₹70
ഉരുളക്കിഴങ്ങ്₹-30
കക്കിരി₹40
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |