കാസർകോട്: ആധികാരികത ഉറപ്പ് വരുത്താൻ കഴിയാത്ത വിധത്തിലുള്ള മുദ്രപത്രങ്ങൾ വിതരണം ചെയ്തുവെന്ന പരാതി സംബന്ധിച്ച് കാസർകോട് ജില്ലാ ട്രഷറി ഓഫീസർ അന്വേഷണം നടത്തും. ചെറുവത്തൂരിലെ റിട്ടയേർഡ് പ്രധാന അദ്ധ്യാപകൻ എൻ.രാജീവൻ സംസ്ഥാന ട്രഷറി ഡയറക്ടർക്ക് നൽകിയ പരാതി സംബന്ധിച്ചുള്ള 'കേരള കൗമുദി' വാർത്തയുടെ പിന്നാലെയാണ് ട്രഷറി ഡയറക്ടറുടെ ഓഫീസിൽ നിന്നും പരാതിക്കാരനെ നേരിട്ട് വിളിച്ച് ജില്ലാ ട്രഷറി ഓഫീസർക്ക് അന്വേഷണ ചുമതല കൈമാറിയ വിവരം അറിയിച്ചത്.
നീലേശ്വരത്തെ വെണ്ടറിൽ നിന്നും റിട്ടയേർഡ് അദ്ധ്യാപകൻ വാങ്ങിയ മൂന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് മുദ്രപത്രങ്ങളിൽ ആണ് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആധികാരികത ഉറപ്പുവരുത്താൻ കഴിയാതെ പോയത്. ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന മറ്റു മുദ്രപത്രങ്ങളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോൾ വിവരങ്ങൾ ലഭ്യമായിരുന്നു. ആധികാരികത ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ ഹൊസ്ദുർഗ് കോടതിയിൽ നിന്ന് സാക്ഷ്യപത്രം നൽകാതെ മുദ്രപത്രങ്ങൾ മടക്കിയ കാര്യവും ഇദ്ദേഹം ട്രഷറി ഡയറക്ടർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവിക്കും പരാതി
ഉപയോഗ്യയോഗ്യമല്ലാത്ത മുദ്രപത്രം നൽകിയ സംഭവത്തിൽ നൽകിയ പരാതി സ്വീകരിക്കാതെ മടക്കിയയച്ച നീലേശ്വരം പൊലീസിനെതിരെ ജില്ലാ പൊലീസ് ചീഫിന് എൻ.രാജീവൻ പരാതി നൽകി .ജൂലായ് 29 ന് രാവിലെ 11 മണിക്കാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ഇദ്ദേഹം എത്തിയത്. സംഭവത്തിൽ തങ്ങൾക്കല്ല പരാതി നൽകേണ്ടതെന്ന് പറഞ്ഞായിരുന്നു സ്റ്റേഷനിൽ നിന്നും പരാതിക്കാരനെ ഉദ്യോഗസ്ഥർ മടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |