കാസർകോട്: ഭിന്നശേഷിക്കാർ എംപ്ളോയ്മെന്റ് എക്സ് ചേഞ്ചുകളോട് മുഖം തിരിക്കുന്നത് എയ്ഡഡ് സ്കൂളുകളിലെ ഹൈക്കോടതി നിർദ്ദേശിച്ച നാലുശതമാനം സംവരണപ്രകാരമുള്ള നിയമനത്തിന് വെല്ലുവിളിയാകുന്നു. നിശ്ചിതയോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുണ്ടെങ്കിലും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ നടത്തുന്നവർ നന്നേ കുറവാണ്.
ഭിന്നശേഷിക്കാരുടെ ഒഴിവുകളിൽ മറ്റുള്ളവരെ നിയമിക്കാൻ സാധിക്കില്ലെന്നതിനാൽ സംവരണ ഒഴിവുകൾ നികത്തപ്പെടുന്നില്ല ർ.ഇതുമൂലം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ സ്ഥിര താമസസ്ഥലം അധികാര പരിധി ആയിട്ടുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്ന നിയമാനുസൃത സർട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം പത്തിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കോഴിക്കോട് സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിപ്പ് നൽകിയിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേകമായി പ്രവർത്തിക്കുന്നതാണ് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഈ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സംവിധാനം.
പട്ടിക നൽകേണ്ടത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകൾ
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമന അവകാശവും മാനേജ്‌മെന്റുകൾക്കാണെങ്കിലും എംപ്ലോയ്മെൻറ് എക്സേഞ്ചുകളാണ് ഉദ്യോഗാർഥികളുടെ പട്ടിക നൽകേണ്ടത്. നിയമനത്തിൽ ഭിന്നശേഷി സംവരണം പാലിക്കാത്ത സ്കൂളുകളിൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം കിട്ടില്ലെന്ന പ്രതിസന്ധിയുമുണ്ട്.
നിയമനം ലഭിച്ചിട്ടും ദിവസവേതനം
എയ്ഡഡ് സ്‌കൂളിൽ ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബർ 18നും 2021 നവംബർ 8നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായും 2021 നവംബർ 8ന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസ വേതനാടിസ്ഥാനത്തിലും നിയമനം നൽകാനാണ് ഹൈക്കോടതി നിർദേശം.ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ട് വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് സർക്കാർ മാർഗനിർദേശം നൽകുന്നത്.
ഭിന്നശേഷി രജിസ്ട്രേഷൻ കുറവ് വടക്കൻ ജില്ലകളിൽ
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ ഏറ്റവും കുറവ്. എയ്ഡഡ് വിദ്യാലയങ്ങളിൽ 1996 മുതൽ 2017 വരെ വന്ന ഒഴിവുകളിൽ മൂന്ന് ശതമാനവും 2017 മുതൽ ഇതുവരെ ഉള്ള ഒഴിവുകളിൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്ക് നീക്കിവെക്കണമെന്നാണ് ഹൈക്കോടതി വിധി. യോഗ്യരായ ഭിന്നശേഷിക്കാർ എംപ്ലോയമെന്റ് എക്സേഞ്ചുകളോട് മുഖം തിരിക്കുന്നതിനാൽ ഒഴിവുകൾ എങ്ങനെ നികത്തുമെന്ന ചിന്തയിലാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |