കണ്ണൂർ: ജില്ലയിലെ പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിടത്തും നിലവിൽ എൽ.ഡി.എഫ് ഭരണമാണ്. ഇരിട്ടി മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ള ഏക ബ്ലോക്ക്. ഈ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താൻ യു.ഡി.എഫ് തീവ്രശ്രമത്തിലാണ്. അതേസമയം, നിലവിലുള്ള ബ്ലോക്കുകളിൽ ഭൂരിപക്ഷം ഉയർത്തി, ഇരിട്ടി കൂടി പിടിച്ചെടുത്ത് മുന്നേറാനാണ് എൽ.ഡി.എഫിന്റെ തയ്യാറെടുപ്പ്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മേൽക്കോയ്മ വ്യക്തമാണ്. എന്നാൽ ഇരിക്കൂർ, എടക്കാട് തുടങ്ങിയ ബ്ലോക്കുകളിൽ യു.ഡി.എഫിന് നേട്ടമുണ്ടാക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. നിലവിൽ കൈവശമുള്ള ഇരിട്ടി നിലനിർത്താനും പുതിയ ബ്ലോക്കുകൾ പിടിച്ചെടുക്കാനുമുള്ള യു.ഡി.എഫിന്റെ ശ്രമവും ആധിപത്യം ഉറപ്പിക്കാമെന്നുള്ള എൽ.ഡി.എഫിന്റെ ആത്മവിശ്വാസവുമാണ് തിരഞ്ഞെടുപ്പിന്റെ സവിശേഷത.
പയ്യന്നൂർ
സ്ഥാപനകാലം മുതൽ എൽ.ഡി.എഫിലെ കൈവിട്ടിട്ടില്ല. ഇത്തവണ പതിമൂന്നിൽനിന്ന് പതിനാല് ഡിവിഷനുകളായി വർദ്ധിച്ചു. രാമന്തളി, കുഞ്ഞിമംഗലം, കരിവെള്ളൂർ പെരളം, എരമം കുറ്റൂർ, പെരിങ്ങോം വയക്കര, കാങ്കോൽ ആലപ്പടമ്പ്, ചെറുപുഴ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ ബ്ലോക്കിൽ എല്ലാ പഞ്ചായത്തുകളും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. കക്ഷിനില: എൽ.ഡി.എഫ് 12, യു.ഡി.എഫ് 01.
തളിപ്പറമ്പ്
ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി പാണപ്പുഴ എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന തളിപ്പറമ്പ് ബ്ലോക്കിൽ ആറ് പഞ്ചായത്തുകൾ എൽ.ഡി.എഫിന്റേതാണ്. ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ എന്നിവിടങ്ങളിൽ യു.ഡി.എഫ് ഭരണം. ഡിവിഷനുകളുടെ എണ്ണം ഇത്തവണ പതിനേഴായി ഉയർന്നു. കക്ഷിനില: എൽ.ഡി.എഫ് 10, യു.ഡി.എഫ് 06.
ഇരിക്കൂർ
2020ൽ ഇരുമുന്നണികളും ഏഴ് വീതം സീറ്റുകൾ നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. മുൻപ് എൽ.ഡി.എഫ് മാത്രം ഭരിച്ചിരുന്ന ഈ ബ്ലോക്കിൽ കഴിഞ്ഞ തവണ യു.ഡി.എഫ് ശക്തമായി മുന്നേറിയിരുന്നു. കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, പടിയൂർ കല്യാട്, ഇരിക്കൂർ, പയ്യാവൂർ, ഏരുവേശ്ശി, ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുകയാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.
കക്ഷിനില: എൽ.ഡി.എഫ് 07, യു.ഡി.എഫ് 07.
പേരാവൂർ
ആദ്യകാലങ്ങളിൽ മൂന്ന് തവണ യു.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്ന പേരാവൂർ ബ്ലോക്ക് 2005 മുതൽ തുടർച്ചയായി എൽ.ഡി.എഫ് കൈവശം വച്ചിരിക്കുകയാണ്. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കൊട്ടിയൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരിക്കുന്നു. ഡിവിഷൻ എണ്ണം പതിനാലായി ഉയർന്നു. കക്ഷിനില: എൽ.ഡി.എഫ് 10, യു.ഡി.എഫ് 03.
കല്യാശേരി
സ്ഥാപനകാലം മുതൽ എൽ.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള ബ്ലോക്കാണ് കല്യാശേരി. കല്യാശേരി, കണ്ണപുരം, മാട്ടൂൽ, മാടായി, ഏഴോം, ചെറുതാഴം, നാറാത്ത് എന്നീ ഏഴ് പഞ്ചായത്തുകളിൽ അഞ്ചെണ്ണം എൽ.ഡി.എഫിന്റേതും രണ്ടെണ്ണം യു.ഡി.എഫിന്റേതുമാണ്. രണ്ട് ഡിവിഷനുകൾ കൂടി വർദ്ധിച്ച് പതിനാറായി. കക്ഷിനില: എൽ.ഡി.എഫ് 09, യു.ഡി.എഫ് 05.
ഇരിട്ടി
ജില്ലയിൽ യു.ഡി.എഫിന്റെ കൈവശമുള്ള ഒരേയൊരു ബ്ലോക്ക് പഞ്ചായത്തായ ഇരിട്ടി കഴിഞ്ഞ തവണ ഒരു സീറ്റിന്റെ മുൻതൂക്കത്തിൽ യു.ഡി.എഫിന് ലഭിച്ചതാണ്. ഇത്തവണ ഇരുമുന്നണികൾക്കും അഭിമാനപോരാട്ടം. വാർഡുകൾ ഏകപക്ഷീയമായി വിഭജിച്ചെന്ന് യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിൽ അയ്യൻകുന്ന് മാത്രം യു.ഡി.എഫിന്റേത്. ഡിവിഷൻ എണ്ണം പതിനാലായി. കക്ഷിനില: യു.ഡി.എഫ് 07, എൽ.ഡി.എഫ് 06.
കൂത്തുപറമ്പ്
ആരംഭം മുതൽ എൽ.ഡി.എഫ് ആധിപത്യം പുലർത്തുന്ന ബ്ലോക്കാണിത്. കോട്ടയം, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പാട്യം, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളിൽ തൃപ്രങ്ങോട്ടൂർ ഒഴികെയുള്ളവ എൽ.ഡി.എഫിന്റേതാണ്. കക്ഷിനില: എൽ.ഡി.എഫ് 09, യു.ഡി.എഫ് 04.
പാനൂർ
2010ൽ സ്ഥാപിതമായതു മുതൽ എൽ.ഡി.എഫ് ഭരിക്കുന്ന പാനൂർ ബ്ലോക്കിൽ ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ എന്നീ നാല് പഞ്ചായത്തുകളും എൽ.ഡി.എഫിന്റെ കൈവശമാണ്. മുഴുവൻ സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചിട്ടുണ്ട്. ഇത്തവണ ഡിവിഷൻ എണ്ണം പതിനാലായി ഉയർന്നു.
തലശേരി
സ്ഥാപിതമായതു മുതൽ എൽ.ഡി.എഫ് കോട്ടയായ തലശേരി ബ്ലോക്കിൽ എല്ലാ സീറ്റുകളും ഇടതുപക്ഷത്തിന്റേതാണ്. പിണറായി, ധർമടം, അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. ഡിവിഷൻ പതിനഞ്ചായി.
എടക്കാട്
നിലവിൽ ഒരു സീറ്റിന്റെ ലീഡിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തുന്ന എടക്കാട് ബ്ലോക്കിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നു. ചെമ്പിലോട്, കൊളച്ചേരി, കടമ്പൂർ, മുണ്ടേരി, പെരളശ്ശേരി എന്നീ പഞ്ചായത്തുകളിൽ കൊളച്ചേരി, കടമ്പൂർ ഒഴികെയുള്ളവ എൽ.ഡി.എഫ് ഭരിക്കുന്നു. ബ്ലോക്ക് പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും കഠിന ശ്രമത്തിലാണ്. കക്ഷിനില: എൽ.ഡി.എഫ് 07, യു.ഡി.എഫ് 06.
കണ്ണൂർ
ഒരിക്കൽ സീറ്റുകൾ സമനിലയിലെത്തിയപ്പോൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചതൊഴികെ എല്ലാ തവണയും എൽ.ഡി.എഫ് ഭരിക്കുന്ന ബ്ലോക്കാണിത്. അഴീക്കോട്, ചിറക്കൽ, പാപ്പിനിശേരി, വളപട്ടണം എന്നീ പഞ്ചായത്തുകളിൽ വളപട്ടണം ഒഴികെയുള്ളവ എൽ.ഡി.എഫിന്റേതാണ്. ഡിവിഷൻ എണ്ണം പതിനാലായി. കക്ഷിനില: എൽ.ഡി.എഫ് 10, യു.ഡി.എഫ് 03.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |