കൊല്ലം: ക്വട്ടേഷൻ സംഘം സ്വകാര്യ ബസ് തടഞ്ഞുനിറുത്തി യാത്രക്കാരുടെ മുന്നിൽ വച്ച് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ നീരാവിൽ കന്നിമേൽ വെട്ടത്ത് കിഴക്കതിൽ അനിമോൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മുതിരപ്പറമ്പ് സ്വദേശികളായ റമീസ്, അർഷാദ് എന്നിവർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 9.30 ഓടെ വെള്ളയിട്ടമ്പലത്തായിരുന്നു സംഭവം. ചവറ- ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഫെയർ ചിന്നക്കട മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലെ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ സ്റ്റാൻഡിന്റെ നടത്തിപ്പുകാരൻ എന്ന പേരിൽ ഒരാളെത്തി 20 രൂപ ഫീസ് ആവശ്യപ്പെട്ടു. അറ്റകുറ്രപ്പണിക്കായി വർക്ക് ഷോപ്പിൽ കയറ്രേണ്ടതിനാൽ ഇന്ന് ഒരു ട്രിപ്പേ നടത്തുന്നുള്ളുവെന്നും ഫീസിൽ നിന്ന് ഒഴിവാക്കണമെന്നും പറഞ്ഞു. പിന്നെ എന്തിനാണ് സ്റ്റാൻഡിൽ കയറ്റിയതെന്ന് പറഞ്ഞ് പിരിവുകാരൻ അസഭ്യ വർഷം നടത്തിയ ശേഷം അനിമോനെ മർദ്ദിക്കാൻ ശ്രമിച്ചു. ഇതിനിടെ ബസ് മുന്നോട്ടെടുത്തിനാൽ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ടു. വെള്ളയിട്ടമ്പലത്ത് എത്തിയപ്പോൾ ഹർഷാദും റമീസും ചേർന്ന് ബസ് തടഞ്ഞു. തുടർന്ന് ബസിനുള്ളിൽ കയറി അനിമോന്റെ സ്വാധീനക്കുറവുള്ള കൈ പിടിച്ച് തിരിച്ച ശേഷം മുതുകത്തും ചെകിട്ടത്തും പലതവണ മർദ്ദിച്ചു. സ്റ്റാൻഡ് ഫീസ് കൊടുക്കില്ലേയെന്ന് ചോദിച്ചായിരുന്നു ആക്രമണം. ചിന്നക്കടയിൽ സ്റ്റാൻഡിൽ വച്ച് ഫീസ് ആവശ്യപ്പെട്ടയാളുടെ ക്വട്ടേഷൻ പ്രകാരമായിരുന്നു ഇവർ വെള്ളയിട്ടമ്പലത്ത് കാത്തുനിന്ന് ആക്രമണം നടത്തിയത്.
യാത്രക്കാർ ബഹളം വച്ചതോടെ പുറത്തേക്ക് വലിച്ചിറക്കിയും മർദ്ദിച്ചു. യാത്രക്കാർ നാട്ടുകാരുടെ സഹായം അഭ്യർത്ഥിച്ചതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞത്. ഇതിനിടയിൽ അനിമോന്റെ കൈവശമുണ്ടായിരുന്ന പണം സൂക്ഷിക്കുന്ന ബാഗും നഷ്ടമായി. അക്രമികൾ നിരവധി ക്രമിനൽ കേസുകളിൽ പ്രതികളാണെന്നും വെസ്റ്റ് പൊലീസ് പറഞ്ഞു.
പ്രതിദിന കൊള്ള 3000 രൂപ
ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നഗരസഭ പാർക്കിംഗിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് പിരിക്കാൻ നഗരസഭ കരാറും നൽകിയിട്ടുണ്ട്. ഈ കരാറിന്റെ മറവിലാണ് പാർക്കിംഗ് കേന്ദ്രം നടത്തിപ്പുകാർ ബസ് സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകളിൽ നിന്ന് ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുന്നത്. കുപ്രസിദ്ധ ഗുണ്ടകളെയാണ് പലദിവസങ്ങളിലും ഇവിടെ പിരിവിന് നിയോഗിക്കുന്നത്. പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്വകാര്യ ബസുകൾ പല ദിവസങ്ങളിലും പണം നൽകും. പരാതിയെ തുടർന്ന് അടുത്തിടെ നഗരസഭാ അധികൃതർ കരാറുകാരനെ അനധികൃത പണപ്പിരിവിൽ നിന്ന് വിലക്കിയിരുന്നു. എന്നിട്ടും പിടിച്ചുപറി തുടരുകയാണ്. ചവറ, കുണ്ടറ, കൊട്ടിയം ഭാഗങ്ങളിൽ നിന്നുള്ള 150 ബസുകൾ ഇവിടെ പ്രതിദിനം എത്തുന്നുണ്ട്. ഇവയിൽ നിന്ന് ഏകദേശം 3000 രൂപയോളമാണ് ഇവർ പ്രതിദിനം കൊള്ളയടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |