കൊല്ലം : മുണ്ടയ്ക്കൽ പാപനാശത്തിന് സമീപം വെടിക്കുന്നിനും കൊല്ലം ബീച്ചിനുമിടയിൽ അരകിലോമീറ്ററോളം പ്രദേശത്ത് കടൽ കയറ്റം അതിരൂക്ഷം. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ തിരുവാതിര നഗർ ഭാഗത്തെ രണ്ട് വീടുകളും അങ്കണവാടിയും കടൽ വിഴുങ്ങി. തീരത്തോട് ചേർന്നുള്ള ഏഴ് വീടുകൾ ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. താന്നി മുതൽ പാപനാശനം വരെ പുലിമുട്ട് സ്ഥാപിച്ചതോടെയാണ് വലത് ഭാഗത്ത് കടൽ കയറ്റം രൂക്ഷമായത്.
നേരത്തെ വീടുകൾ സ്ഥിതി ചെയ്തിരുന്നിടത്ത് നിന്ന് ഇരുനൂറോളം മീറ്റർ നീളത്തിൽ മണൽത്തിട്ട ഉണ്ടായിരുന്നു. ഇടതുവശത്ത് പുലിമുട്ടുകൾ സ്ഥാപിച്ചതോടെ ശേഷിക്കുന്ന ഭാഗം കടൽ കവർന്നെടുക്കുകയായിരുന്നു. തകർന്ന അങ്കണവാടിയുടെ ചുറ്റുമതിൽ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കടലാക്രമണത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങളും കഴിഞ്ഞ ദിവസം കടൽ കൊണ്ടുപോയി. മഴക്കാലത്ത് കടൽക്ഷോഭം കൂടുതൽ രൂക്ഷമാകുന്നതോടെ ഈ പ്രദേശത്തെ കൂടുതൽ വീടുകൾ അപകട മുനമ്പിലാകും.
പുലിമുട്ടിന് പഠനം
വെടിക്കുന്ന് മുതൽ ബീച്ച് വരെ പുലിമുട്ടുകൾ സ്ഥാപിക്കാൻ തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പഠനം തുടങ്ങി. ഇതിന്റെ ഭാഗമായി ചെന്നൈ ഐ.ഐ.ടിയിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈകാതെ പദ്ധതി തയ്യാറാക്കും.
ബലപ്പെടുത്തൽ 6 കോടി
താന്നി മുതൽ മുണ്ടയ്ക്കൽ പാപനാശനം വരെ നിർമ്മിച്ച 23 പുലിമുട്ടുകളിൽ ഏഴെണ്ണത്തിന്റെ ആഗ്രഭാഗം ആറ് കോടി ചെലവിൽ ബലപ്പെടുത്തും. കഴിഞ്ഞ വർഷം ഉണ്ടായ ശക്തമായ കടലാക്രമണത്തിൽ ചില പുലിമുട്ടുകളുടെ അഗ്രഭാഗത്തെ കടലിന്റെ ആഴം മൂന്ന് മീറ്ററിൽ നിന്ന് നാലരയായി ഉയർന്നിരുന്നു. വരുന്ന മഴക്കാലത്ത് കടൽക്ഷോഭം ശക്തമായാൽ ഈ ഭാഗത്തെ പുലിമുട്ടുകൾ തകരാൻ സാദ്ധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ടെട്രാപോഡുകളും പാറകളും നിരത്തി ബലപ്പെടുത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |