കരുനാഗപ്പള്ളി: ജാതിഭേദമില്ലാതെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും അറിവിനെ സാർവത്രികമാക്കിയ മഹാഗുരുവാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
മഹാഗുരുവർഷം 2024ന്റെ ഭാഗമായി പന്മന ആശ്രമത്തിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വേദാധികാര നിരൂപണം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂറുവർഷം മുമ്പ് സാംസ്‌കാരിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ മഹാഗുരുവിന് കഴിഞ്ഞു. ഇപ്പോൾ സമസ്ത മേഖലകളിലും കാണുന്ന അപകടകരമായ പ്രവണതകളെ ചെറുക്കാൻ മഹാത്മാക്കളുടെ ചരിത്രങ്ങൾ പുത്തൻ തലമുറയ്ക്ക് പകർന്ന് നൽകണമെന്നും മന്ത്രി പറഞ്ഞു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ഡോ. വള്ളിക്കാവ് മോഹൻദാസ് വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി.ശിവൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജയപ്രകാശ് മേനോൻ, പി.കെ.ഗോപാലകൃഷ്ണൻ, എ.കെ.ആനന്ദ് കുമാർ, വി.ആർ.സിനി എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ സ്വാഗതവും അഡ്വ. സി. സജീന്ദ്ര കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |