അഞ്ചാലുംമൂട്: മൂക്ക് പൊത്താതെ അഞ്ചാലുംമൂട് ടൗണിൽ നിൽക്കാൻ കഴിയില്ലെന്ന അവസ്ഥയാണിപ്പോൾ. പൊതു സ്ഥലത്തെ മൂത്രവിസർജനമാണ് അഞ്ചാലുംമൂട് വഴി പോകുന്നവരെ മൂക്ക് പൊത്തി നടക്കാൻ പ്രേരിപ്പിക്കുന്നത്. ടൗണിൽ ഒരു പൊതുടോയ്ലെറ്റ് ഇല്ലാത്തതാണ് ആളുകൾ പൊതുഇടങ്ങളിൽ കാര്യം സാധിച്ച് മടങ്ങാൻ കാരണം. ജംഗ്ഷനിലെ കോർപ്പറേഷന്റെ ഓപ്പൺ എയർ സ്റ്റേജിന്റെ ചുറ്റുവട്ടമാണ് ആളുകൾ പൊതു മൂത്രപ്പുരയാക്കി മാറ്റിയിരിക്കുന്നത്. ധാരാളം മരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ മറവുമുണ്ട്. ഓപ്പൺ എയർ സ്റ്റേജിൽ പ്രോഗ്രാമുകൾ പതിവായി നടക്കാറുണ്ട്. പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവരും ഈ ദുർഗന്ധം സഹിക്കേണ്ടി വരുന്നു. ഓപ്പൺ എയർസ്റ്റേജിന്റെ സമീപത്തുള്ള ടാക്സി വാഹനങ്ങളുടെ പാർക്കിംഗിന്റെ മറവും പലർക്കും സൗകര്യമാണ്. മഴക്കാലമായാൽ ദുർഗന്ധത്തിന് കുറവുണ്ടെങ്കിലും കൊതുകുകളുടെ ഈച്ചകളുടെയും ശല്ല്യം രൂക്ഷമാകും.
ടൂറിസം കേന്ദ്രങ്ങളായ മൺറോത്തുരുത്തിന്റെയും സാമ്പ്രാണിക്കോടിയുടെയും പ്രവേശന കവാടമെന്ന് വിശേഷിപ്പിക്കാവുന്ന പ്രധാന ടൗണിനാണ് ദുർഗന്ധത്തിന്റെ ഈ മാനക്കേട്. നിരവധി വ്യാപാര സ്ഥപപനങ്ങൾ, നൂറുകണക്കിന് ബസുകൾ ,ടാക്സികൾ , ഓട്ടോകൾ എന്നിവയുടെ പാർക്കിംഗ് സ്റ്റേഷൻ, ടൗണിൽ വന്നു പോകുന്ന നിരവധി യാത്രക്കാർ, അങ്ങനെ ആയിരങ്ങൾ വന്നു ചേരുന്ന പ്രധാന ജംഗ്ഷനായ അഞ്ചാലുംമൂട്ടിലെ പൊതു ടൊയ്ലറ്റിന്റെ അഭാവം കാരണം വർഷങ്ങളായി ഈ ശാപവും പേറി ജീവിക്കാനാണ് നാട്ടുകാരുടെ ദുർഗതി.
മുടങ്ങി ടോയ്ലെറ്റ് നർമ്മാണം
കുറച്ചു വർഷം മുമ്പ് ടൗണിന്റെ രണ്ട് ഭാഗങ്ങളിയായി ഇ.ടോയ്ലെറ്റുകൾ സ്ഥാപിച്ചെങ്കിലും രണ്ടു മാസം പോലും പ്രവർത്തിച്ചില്ല. തകരാർ സംഭവിച്ചതോടെ നീക്കം ചെയ്തു. ജംഗ്ഷനിൽ ടോയ്ലെറ്റ് സ്ഥാപിക്കാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും ഭൂമി ലഭ്യമല്ലാത്തതിനാൽ വിജയകരമായില്ല. ദേശീയ പാത കടന്നു പോകുന്നതിനാൽ ജംഗ്ഷനിൽ ടോയ്ലെറ്റ് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ എതിർപ്പുണ്ട്. ഇതിനിടെ മാർക്കറ്റിൽ ടോയ്ലെറ്റ് കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചെങ്കിലും അതും എതിർപ്പിൽ മുടങ്ങി.
സ്ഥലത്തിന്റെ ലഭ്യതയില്ലായ്മയാണ് പ്രധാന പ്രശ്നം. ജംഗ്ഷൻ വികസനത്തിന് പ്രത്യേക പദ്ധതി ആവഷ്കരിച്ച് മുന്നോട്ടു പോവുകയാണ് കോർപ്പറേഷൻ. ഇതോടൊപ്പം ഈ പ്രശ്നത്തിനും പരിഹാരം ഉണ്ടാവും.
അഡ്വ. ജി. ഉദയകുമാർ, കോർപ്പറേഷൻ
മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |