കൊറ്റുകുളങ്ങര മുതൽ വിട്ടുകൊടുത്തത് ഒന്നേകാൽ ഏക്കർ ദേവസ്വം ഭൂമി
കൊല്ലം: ദേശീയപാത വികസനത്തിന് ഒന്നേകാൽ ഏക്കർ ഭൂമിയും അവയിലെ കെട്ടിടങ്ങളും വിട്ടുനൽകിയതിന് നഷ്ടപരിഹാരമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ 20 കോടി അനുവദിച്ചു. കായംകുളം കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ് വരെയുള്ള റീച്ചിൽ ഓച്ചിറ, കരുനാഗപ്പള്ളി, പന്മന, ഇടപ്പള്ളിക്കോട്ട, ചവറ എന്നിവിടങ്ങളില ദേവസ്വം ഭൂമിയാണ് ഏറ്റെടുത്തത്. തുക അനുവദിച്ചു കൊണ്ടുളള ഉത്തരവ് ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ പുറപ്പെടുവിച്ചു.
ദേവസ്വം വക കെട്ടിടങ്ങൾ സർക്കാർ വിട്ടുകൊടുത്ത ഭൂമിയിലായതിനാൽ നഷ്ടപരിഹാരം നൽകാൻ ദേശീയപാത അതോറിട്ടി നിയമതടസം ഉന്നയിച്ചിരുന്നു. ദേവസ്വംബോർഡ് ഇത് അംഗീകരിച്ചില്ല. തുടർന്ന് നിലവിലുളള ചട്ടങ്ങൾ ഭേദഗതി ചെയ്‌താണ് നഷ്ടപരിഹാരത്തുക അനുവദിച്ചത്. തുകയിൽ തീരുമാനം വൈകിയതിനാൽ ദേവസ്വം ബോർഡ് ഭൂമിയിൽ നിർമാണ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതുമില്ല. ഇവ പൊളിക്കാൻ ദേവസ്വംബോർഡ് നടപടി തുടങ്ങിയാൽ ഇവിടങ്ങളിലും ദേശീയ പാത വികസനത്തിനു തുടക്കമാകും.
അതിവേഗം ആറുവരി
ദേശീയപാത 66 വികസനം ജില്ലയിലെ രണ്ടു റീച്ചുകളിലും വേഗത്തിലാണ് പുരോഗമിക്കുന്നത്. സർവീസ് റോഡ്, അടിപ്പാത, മേൽപ്പാലങ്ങൾ എന്നിവയുടെ നിർമ്മാണമാണ് പ്രധാനമായും നടക്കുന്നത്. സർവീസ് റോഡ് ടാറിംഗ് 30 ശതമാനം പൂർത്തിയാക്കി. മേൽപ്പാലങ്ങൾക്കായി പില്ലറുകൾ സ്ഥാപിക്കുന്നത് മിക്കയിടങ്ങളിലും പൂർത്തിയായി. തൂണുകൾക്കു മുകളിൽ മെയിൻ ഗ്രഡ്‌ജറുകളുടെ നിർമ്മാണവും ആരംഭിച്ചു. ചവറയിൽ മാത്രമാണ് പാലം നിർമാണം ആരംഭിക്കാനുളളത്. സർവീസ് റോഡ് പൂർത്തിയായി വാഹനങ്ങൾ തിരിച്ചുവിടുന്ന മുറയ്‌ക്ക് പ്രധാന പാതയുടെ നിർമ്മാണം ആരംഭിക്കും. ഒന്നും രണ്ടും മീറ്റർ ഉയർത്തിയാകും മെയിൻറോഡ് നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |