കൊല്ലം: മികച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനുള്ള എക്സൈസ് കമ്മിഷണറുടെ കർമ്മശ്രേഷ്ഠ പുരസ്കാരത്തിന്, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൽ. വിജിലാൽ വീണ്ടും അർഹനായി. 2022ലെ പ്രഥമ കർമ്മശ്രേഷ്ഠ പുരസ്കാരം വിജിലാലിനായിരുന്നു. 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പ്രവർത്തനം കണക്കിലെടുത്താണ് അംഗീകാരം.
കരുനാഗപ്പള്ളി റേഞ്ച് വിമുക്തി മിഷൻ കോ- ഓർഡിനേറ്ററും റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന വിമുക്തി ലൈബ്രറിയുടെ പ്രസിഡന്റുമായ വിജിലാലിന് കഴിഞ്ഞവർഷം എക്സൈസ് കമ്മിഷണറുടെ ബാഡ്ജ് ഒഫ് എക്സലൻസ്, 2021ൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ അടക്കം ലഹരിവിരുദ്ധ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും കഴിഞ്ഞദിവസം പി.എൽ. വിജിലാലിനെ തേടിയെത്തിയിരുന്നു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മാധവത്തിലാണ് താമസം. പോരുവഴി പോസ്റ്റൽ ഓഫീസിലെ പോസ്റ്റൽ അസിസ്റ്റന്റ് അനുപമയാണ് ഭാര്യ. അശ്വനിലാൽ, ഉണ്ണിമാധവ് എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |