ആലുവ: ജിംനേഷ്യം ട്രെയിനറെ വാടകവീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചുണങ്ങംവേലി കെ.പി ജിംനേഷ്യത്തിലെ മുൻ ട്രെയിനർ കണ്ണൂർ ശ്രീകണ്ഠപുരം നെടുംചാര വീട്ടിൽ അബ്ദുൾഖാദറിന്റെ മകൻ സാബിത്ത് (34)നെയാണ് ചുണങ്ങംവേലിയിലെ വാടക വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്കകം പ്രതിയായ സ്ഥാപന ഉടമ ചുണങ്ങംവേലി ചാലപ്പറമ്പിൽ കൃഷ്ണപ്രതാപ് (25)നെ പൊലീസ് പിടികൂടി.
എടത്തല പൊലീസ് തൃശൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെ പരിശീലകനായിരുന്ന സാബിത്ത് ജിംനേഷ്യത്തിൽ നിന്ന് 300 മീറ്റർ അകലെ വാടക വീട്ടിൽ മറ്റ് സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലയ്ക്ക് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തൃശൂർ ചെമ്പൂച്ചിറയിൽ നിന്നുമാണ് പിടികൂടിയത്. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വായ്പയായി നൽകിയ മൂന്ന് ലക്ഷം രൂപ മടക്കി നൽകാത്തതിനെ തുടർന്നാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ ഇത് പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല.
രണ്ടു മാസം മുമ്പ് സാബിത്തിനെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇടപ്പിള്ളി സ്വദേശി ദീപക്, ഗുരുവായൂർ തൈക്കാട് സ്വദേശി ഫഹദ് എന്നിവരാണ് സാബിത്തിനൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്നത്. ബഹളം കേട്ട് ദീപക് എത്തിയപ്പോൾ പ്രതി ആക്രമണം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവരിൽ നിന്നാണ് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചത്. കൊല്ലപ്പെട്ടയാളും പ്രതിയും സുഹൃത്തുക്കളായിരുന്നു. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ സുരക്ഷയ്ക്കായും പോകുമായിരുന്നു. തൃശൂർ പെരിഞ്ഞനം സ്വദേശി നസീറിന്റെ ഉടമസ്ഥതയിലുള്ളതാണ് സംഭവം നടന്ന വീട്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ കെ. സെനോദ്, എസ്.ഐമാരായ അരുൺ ദേവ്, സി.കെ. സക്കറിയ, സി.എ. അബ്ദുൽ ജമാൽ, സി.ജെ. കണ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മരിച്ച സാബിത്തിന്റെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |