കാട്ടാക്കട: വീട്ടുജോലിക്കെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധിപേർക്ക് കാഴ്ച വയ്ക്കുകയും ചെയ്ത സ്ത്രീകൾ ഉൾപ്പെടെ 4പേർക്ക് കഠിനതടവും പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി.മലയിൻകീഴ് മേപ്പുക്കട കുറ്റിക്കാട് വാടയ്ക്ക് താമസിച്ചിരുന്ന തുരുത്തുംമൂല കാവിൻപുറം പെരുവിക്കോണത്ത് പടിഞ്ഞാറേക്കര സൗമ്യ ഭവനിൽ എൽ.ശ്രീകല (47),കൊല്ലോടു പൊട്ടൻകാവ് വാടകയ്ക്ക് താമസിക്കുന്ന അരുവിപ്പാറ സനൂജ മൻസിലിൽ ഷൈനി എന്ന് വിളിക്കുന്ന ബി.ഷാഹിദാബീവി (52), മലയിൻകീഴ് ബ്ലോക്ക് നടയിൽ വാടകയ്ക്ക് താമസിക്കുന്ന മാറനല്ലൂർ ചീനിവിള മുണ്ടൻചിറ കിടക്കുംകര പുത്തൻവീട്ടിൽ എൻ.സദാശിവൻ (71),മേപ്പുകട കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന മുണ്ടേല കുരിശടിക്ക് സമീപം സുരേഷ് ഭവനിൽ സുമേഷ് എന്ന ജെ.രമേഷ് (33) എന്നിവരെയാണ് അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്‌കുമാർ 30 വർഷം കഠിനതടവിനും ഓരോരുത്തരും ഒരു ലക്ഷം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.
തുക അതിജീവിതയ്ക്ക് നൽകണം.പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷവും അഞ്ച് മാസവും അധിക കഠിനതടവ് അനുഭവിക്കണം.2015 ക്രിസ്മസിന് മുൻപാണ് പീഡനം തുടങ്ങിയത്.നിത്യവൃത്തിക്ക് വകയില്ലാതെ ശ്രീകലയുടെ വീട്ടിലാണ് കുട്ടി ജോലിക്ക് എത്തിയിരുന്നത്. രൂപ തരാമെന്ന് പ്രലോഭിപ്പിച്ച് രമേഷ് ഇവിടെ വച്ച് ആദ്യമായി പീഡിപ്പിച്ചു. പിന്നീട്,ശ്രീകലയുടെ കൂട്ടുകാരിയായ ഷാഹിദാബീവിയുടെ വീട്ടിലെത്തിച്ച് പലർക്കും കാഴ്ചവച്ചു. സദാശിവന്റെ ഓട്ടോറിക്ഷയിൽ നെയ്യാറ്റിൻകര,നെടുമങ്ങാട്,കാട്ടാക്കട എന്നിവിടങ്ങളിലെത്തിച്ചും പീഡിപ്പിച്ചു. ഇയാളും കുട്ടിയെ ഉപദ്രവിച്ചു.കുട്ടി ഗർഭിണിയായതിനെ തുടർന്ന് മാതാവ് വിളപ്പിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിയായിരുന്ന ജെ.കെ.ദിനിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.15 ഓളം പേർ പീഡനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ്, അഡ്വ.പ്രണവ്, അസി.സബ് ഇൻസ്‌പെക്ടർ സെൽവി ലൈസൻ എന്നിവർ കോടതിയിൽ ഹാജരായി.36 സാക്ഷികളെ വിസ്തരിച്ചു.58 രേഖകൾ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |