ആറ്റിങ്ങൽ: സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് യുവതികളെ പീഡനത്തിനിരയാക്കി, ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവരുന്ന പ്രതി പിടിയിൽ. കോട്ടയം, കൊടുങ്ങല്ലൂർ വാഴൂർ പരിയാരത്ത് വീട്ടിൽ കൃഷ്ണരാജാണ് (24) ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ മുദാക്കൽ വാളക്കാട് സ്വദേശിനിയായ യുവതിയെ സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടശേഷം നിരവധി തവണ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപയും 8 പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കുകയും ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാക്കളെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് നടത്തി വരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭീഷണിയും പീഡനവും സഹിക്കവയ്യാതെ പരാതിക്കാരി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐ.പി.എസിന് പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ പ്രതി തലശേരി സ്വദേശിനിക്കൊപ്പം കണ്ണൂരിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. മഞ്ജുലാലിന്റെ നിർദ്ദേശത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ.ജി,എസ്.ഐമാരായ സജിത്,ജിഷ്ണു,ബിജു ഹക്ക്,സുനിൽകുമാർ,എസ്.സി.പി.ഒമാരായ ശരത് കുമാർ,സീന എന്നിവരടങ്ങിയ അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിനിമയിലേക്ക് അവസരം നൽകാമെന്ന വ്യാജേനയും പ്രതി തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |