കൊല്ലം: അവളുടെ അംഗചലനങ്ങളും ഭാവങ്ങളും സദസ് വിസ്മയത്തോടെ നോക്കി നിന്നു. നൃത്തം കഴിഞ്ഞപ്പോൾ നിറഞ്ഞ കൈയടി. പ്രിയപ്പെട്ടവനും കുഞ്ഞും നഷ്ടപ്പെട്ട സ്ത്രീയുടെ ദയനീയാവസ്ഥയെ അവതരിപ്പിച്ച് സൂര്യ ഗോവിന്ദരാജ് കരസ്ഥമാക്കിയത് സീനിയർ പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിലെ ഒന്നാം സ്ഥാനം.
ഭർത്താവ് നഷ്ടപ്പെട്ട വേദനയിൽ തളർന്നു വീഴുന്ന ഭാഗം അവതരിപ്പിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റിട്ടും ഭാവവ്യത്യാസങ്ങളില്ലാതെ, വേദന പുറത്തറിയിക്കാതെ സൂര്യ നൃത്തം പൂർത്തിയാക്കി. വേദിവിട്ടിറങ്ങിയ സൂര്യയുടെ അരികിലേക്ക് ഓടിയെത്തിയ അദ്ധ്യാപകരാണ് കാൽമുട്ടിലെ പരിക്ക് കാണുന്നത്. ഉടൻ തന്നെ മരുന്ന് വച്ച് കെട്ടി. മത്സരത്തിന്റെ ആവേശത്തിൽ പരിക്ക് മറന്ന് സൂര്യ കൂട്ടുകാരുടെ പരിപാടികൾ കാണുന്ന തിരക്കിലേക്ക് മാറി.
ചേർത്തല ആർദ്ര ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിയായ സൂര്യ ഒരു വർഷമായി കലോത്സവത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്കൂളിലെ നൃത്താദ്ധ്യാപകൻ ജിതിൻ പള്ളിപ്പുറമാണ് ഗുരു. എട്ടുവർഷമായി ജിതിന്റെ നൂപുര നാട്യകലയിൽ നൃത്തം അഭ്യസിക്കുന്നു. 2013 ൽ പതിനാലാം വയസിലാണ് ആർദ്ര ബഡ്സ് സ്കൂളിലേക്ക് എത്തുന്നത്. ബഡ്സ് കലോത്സവങ്ങളിലെ സ്ഥിര സാന്നിദ്ധ്യമാണ്. ചെറുപ്പം മുതൽ നൃത്തത്തോട് താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. രണ്ടാം തവണയാണ് നാടോടി നൃത്തത്തിൽ ഒന്നാമതെന്നുന്നത്. മോഹനിയാട്ടത്തിലും ക്രാഫ്റ്റ് നിർമ്മാണത്തിലും സൂര്യ മിടുക്കിയാണ്. ഡൗൺ സിൻഡ്രോം അവസ്ഥയെ മറികടന്ന് ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് സൂര്യ സ്വന്തമാക്കിയത്. സാമൂഹ്യനീതി വകുപ്പിൻ്റെ 'റിഥം' കലാസംഘത്തിലെ അംഗവുമാണ്. മാതാപിതാക്കളായ ജീവയും ഗോവിന്ദ രാജും സഹോദരി ഗായത്രിയും സ്കൂൾ പ്രിൻസിപ്പൽ സി.പി.മിനിമോളും പൂർണ പിന്തുണയേകി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |