കൊല്ലം: മുദ്രപ്പത്രവും പുതുതായി കൊണ്ടുവന്ന ഇ-സ്റ്റാമ്പും കിട്ടാതെ ജനങ്ങൾ നെട്ടോട്ടത്തിൽ. ചെറിയ തുകകളുടെ മുദ്രപ്പത്രങ്ങൾ പലതിനും വൻ ക്ഷാമമാണ്. പകരം ഇ-സ്റ്റാമ്പ് എടുക്കാമെന്ന് കരുതിയാൽ അതിനുള്ള പേൾ സോഫ്ട് വെയർ എപ്പോഴും കട്ടപ്പുറത്താണ്.
ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ കാത്തിരുന്നിട്ടും പോർട്ടലിന്റെ മന്ദത കാരണം പലർക്കും ഇ-സ്റ്റാമ്പ് ലഭിച്ചില്ല. ഇ-സ്റ്റാമ്പ് കിട്ടാത്തതിനാൽ വസ്തുക്കളുടെ ആധാരം രജിസ്ട്രേഷൻ മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. വിദ്യാർത്ഥികളും യുവാക്കളും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇ-സ്റ്റാമ്പും മുദ്രപ്പത്രവും കിട്ടാത്തതിനാൽ ചില കോഴ്സുകൾക്കുള്ള പ്രവേശനത്തിനും സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നതിനും ബോണ്ട് വയ്ക്കാനാകാത്ത അവസ്ഥയാണ്.
വിദ്യാർത്ഥികളും യുവാക്കളും വെണ്ടർമാർക്ക് മുന്നിൽ പലദിവസവും രാവിലെ മുതൽ വൈകിട്ട് വരെ കാത്തിരുന്നിട്ടും നിരാശരായി മടങ്ങുന്ന അവസ്ഥയുണ്ട്. ഇ- സ്റ്റാമ്പിംഗ് പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായ സർക്കാർ മുദ്രപ്പത്ര അച്ചടി കുറച്ചതാണ് പ്രതിസന്ധിയുടെ കാരണം.
ചെറിയ പത്രങ്ങൾ കിട്ടാനില്ല
കൂടുതൽ ആവശ്യമുള്ള 20, 100, 200 രൂപയുടെ മുദ്രപ്പത്രങ്ങളാണ് തീരെ കിട്ടാനില്ലാത്തത്. വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങൾ, വീടുകളുടെയും കടകളുടെയും വാടക കരാർ, ചിട്ടിക്കരാർ തുടങ്ങിയവയ്ക്കൊക്കെ ചെറിയ തുകകളുടെ മുദ്രപ്പത്രമാണ് ഉപയോഗിക്കുന്നത്. ചെറിയ തുകകളുടെ മുദ്രപ്പത്രങ്ങൾ റീ വാലിഡേറ്റ് ചെയ്ത് മൂല്യം ഉയർത്തി നൽകാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇവയും കിട്ടാനില്ലാത്ത അവസ്ഥയാണ്.
മുദ്രപ്പത്രങ്ങളും ഇ-സ്റ്റാമ്പുകളും
വസ്തുക്കളുടെ രജിസ്ട്രേഷൻ
വിവിധ കരാറുകൾക്ക്
ബോണ്ട് വയ്ക്കാൻ
വായ്പകളും ലോക്കറുകളും എടുക്കാൻ
വിവിധ പദ്ധതികളുടെ ഗുണഭോക്തൃ കരാറിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |