കൊല്ലം: തങ്കശേരി കോട്ട പാർക്ക്, തങ്കശേരി ബ്രേക്ക് വാട്ടർ പാർക്ക്, തിരുമുല്ലവാരം ബീച്ച് എന്നിവയെ ബന്ധിപ്പിച്ച് പുതിയ തീരദേശ ടൂറിസം സർക്യൂട്ട് വരുന്നു. ടൂറിസം വകുപ്പിന്റെ അന്തിമഘട്ട പരിശോധനയിലുള്ള അഞ്ച് കോടിയുടെ പദ്ധതിക്ക് വൈകാതെ ഭരണാനുമതിയാകും.
തങ്കശേരി കോട്ടയോട് ചേർന്നുള്ള പാർക്ക്, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിൽ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി സഞ്ചാരികളെ ആകർഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. തിരുമുല്ലവാരത്താണ് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ഇവിടെ ഇപ്പോഴുള്ള പുലിമുട്ടുകളുടെ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തും. തങ്കശേരി പുലിമുട്ട് പാർക്കിൽ അഞ്ച് കോടി ചെലവിൽ മറീനയും സർക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ജലകായിക സംവിധാനങ്ങൾ തിരുമുല്ലവാരത്തേക്ക് വ്യാപിപ്പിക്കും.
തങ്കശേരി കോട്ട പാർക്കിൽ
കരിങ്കൽ നടപ്പാതകൾ
മണ്ഡപങ്ങൾ, ഇരിപ്പിടങ്ങൾ
ഓപ്പൺ ജിംനേഷ്യം
ബാഡ്മിന്റൺ ക്വാർട്ട്
ഓപ്പൺ സ്റ്റേജ്
കുട്ടികളുടെ കോർണർ
തിരുമുല്ലവാരത്ത്
കരിങ്കൽ നടപ്പാതകൾ
ഹാൻഡ് റെയിൽ
വ്യൂ പോയിന്റുകൾ
കരിങ്കൽ ഇരിപ്പിടങ്ങൾ
കടൽ കാണാൻ അരഭിത്തികൾ
പുലിമുട്ടുകളുടെ നവീകരണം
കടലിന് സമാന്തരമായി
ഫ്ലോട്ടിംഗ് ബ്രിഡ്ജ്
ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി തങ്കശേരി കോട്ട പാർക്ക് മുതൽ തങ്കശേരി ബ്രേക്ക് വാട്ടർ പാർക്ക് വരെ ഏകദേശം 60 മീറ്റർ നീളത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിക്കും. ഈ ഭാഗത്ത് കടൽ പൊതുവേ ശാന്തമാണ്. ഇതിന് പുറമേ സുരക്ഷ കൂടി കടണക്കിലെടുത്താണ് കടലിലേക്ക് നിർമ്മിക്കുന്നതിന് പകരം തീരത്തിന് സമാന്തരമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിക്കുന്നത്.
കൊല്ലത്തിന്റെ തീരദേശ ടൂറിസം വികസനത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. നവകേരള സദസിൽ സമർപ്പിച്ച പദ്ധതിയാണ് ടൂറിസം വകുപ്പ് മുഖേന യാഥാർത്ഥ്യത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
എം. മുകേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |