കുന്നത്തൂർ: മത്സ്യത്തിന് വില കുറച്ച് വിറ്റതിന് മത്സ്യവ്യാപാരിക്ക് നേരെ ആക്രമണം. മനക്കര സ്വദേശി പ്രദീപിനെയാണ് (42, കണ്ണൻ) രണ്ടംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 4 ഓടെയായിരുന്നു സംഭവം. നീണ്ടകരയിൽ നിന്ന് മത്സ്യം വാങ്ങാനായി ഷെഡിൽ കിടന്ന വാഹനം എടുക്കാൻ ചെന്നപ്പോഴാണ് പതുങ്ങിയിരുന്ന അക്രമികൾ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് ആക്രമിച്ചത്. കമ്പിവടിയും വാളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ കണ്ണൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളം കേട്ട് പുറത്തിറങ്ങിയ ഭാര്യ നീതുവിനെയും അക്രമി സംഘം മർദ്ദിച്ചു. ശാസ്താംകോട്ടയിലും ഭരണിക്കാവിലും മത്സ്യ വില്പന കേന്ദ്രങ്ങൾ നടത്തുന്ന കണ്ണൻ അടുത്തിടെ പതാരത്തും കച്ചവടം തുടങ്ങി. വില കുറച്ച് മത്സ്യം വിൽക്കുന്നതിനെ ഇവിടെ ചില മത്സ്യവ്യാപാരികൾ എതിർത്തിരുന്നു. ഇതുസംബന്ധിച്ച് തർക്കം പതിവായിരുന്നു. ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |