കൊല്ലം: വിലയിടിവും ഉയർന്ന പരിപാലന ചെലവും മൂലം വെറ്റില കർഷകർ നട്ടംതിരിയുന്നു. വിലയിൽ സ്ഥിരതയില്ലാത്തതിനാൽ നഷ്ടക്കണക്ക് മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഈ സമയം ഒരുകെട്ട് വെറ്റിലയ്ക്ക് 200 രൂപ വരെ ലഭിച്ചിരുന്നു. പ്രളയ സമയത്ത് 360 രൂപ വില ഉയർന്നിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി 30 മുതൽ 50 രൂപവരെയാണ് ഒരു കെട്ട് വെറ്റിലയ്ക്ക് കർഷകർക്ക് ലഭിക്കുന്നത്. കടം വാങ്ങിയും വായ്പയെടുത്തുമാണ് മിക്ക കർഷകരും വെറ്റിലക്കൃഷി നടത്തുന്നത്. വിലത്തകർച്ച കാരണം കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഇടവിട്ടുള്ള കനത്ത മഴയിൽ വൻ കൃഷിനാശവും ഉണ്ടായി.
വേനൽ കാലത്ത് ചെടി മുരടിക്കും. ഇതോടെ വെറ്റിലയുടെ വലിപ്പം കുറയുകയും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും. താങ്ങുകയറുകളിൽനിന്ന് പറ്റുവേരുകൾ വിട്ട് കൊടിത്തല മറിഞ്ഞുപോകാതെ നോക്കാൻ അനുദിന പരിചരണം അത്യാവശ്യമാണ്.
നിത്യേന ജലസേചനം വേണം. വിളവെടുപ്പിനും വേണം ഏറെ ക്ഷമയോടെയുള്ള പ്രവർത്തനം. വിളവെടുത്ത് അടുക്കി ചന്തയിൽ എത്തിക്കണമെങ്കിൽ നാലുപേരുടെ സഹായം വേണം. വേണ്ട രീതിയിൽ വില ലഭിക്കാത്തതിനാൽ പുതുതലമുറ ഈ കൃഷിയിലേക്ക് ഇറങ്ങിയിട്ടില്ല. പരമ്പരാഗതമായി വെറ്റില കൃഷി ചെയ്തുവരുന്നവരാണ് ഇപ്പോഴും രംഗത്തുള്ളത്. പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ കുറഞ്ഞത് അര ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്.
വെറ്റില ഇറക്കുമതി കൂടി
എത്തിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്
ഇടനിലക്കാരുടെ ചൂഷണവും വലയ്ക്കുന്നു
കാലാവസ്ഥാ വ്യതിയാനവും ബാധിച്ചു
ചന്ത ദിവസങ്ങൾക്ക് തലേന്ന് വെറ്റില നുള്ളി അടുക്കി കെട്ടി കമ്പോളങ്ങളിലെത്തിക്കണം
മുറുക്കാന് പുറമെ വിവിധ ചടങ്ങുകൾക്കും വെറ്റില ഒഴിവാക്കാനാവില്ല
വിവാഹം, ആദ്യക്ഷരം കുറിക്കൽ, ദക്ഷിണ, ക്ഷേത്രങ്ങളിൽ മാലയ്ക്കും ജ്യോതിഷ കാര്യങ്ങൾക്കും അനിവാര്യം
ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്നു
ഒരടുക്കിൽ
20 വെറ്റില
ഒരു കെട്ട്
4 അടുക്ക്
വരുമാനം കുത്തനെ കുറഞ്ഞതിനാൽ ജീവിതം വഴിമുട്ടിയ സ്ഥിതിയിലായി. വെറ്റില കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മുഴുവൻ കർഷകരുടെയും സ്ഥിതി സമാനമാണ്.
മോഹനൻ, വെറ്റില കർഷകൻ, കുളക്കട
മറ്റ് കൃഷികൾക്ക് കിട്ടുന്ന പരിഗണന വെറ്റില കർഷകർക്ക് കിട്ടാറില്ല. മുടക്ക് മുതൽ പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണ്.
സുരേന്ദ്രൻ, വെറ്റില കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |