അനധികൃതമായി ചില സ്കൂളുകളിൽ പണപ്പിരിവ്
കൊല്ലം: പ്ലസ് വൺ പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസിനു പുറമേ, രക്ഷിതാക്കളിൽ നിന്ന് അനധികൃതമായി സ്കൂളുകാർ പലപേരിൽ പണം വാങ്ങുന്നുവെന്ന് പരാതി. പ്രവേശന ഫീസിന്റെ വിവരങ്ങൾ അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനു വിരുദ്ധമായിട്ടാണ് ചില ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശന നടപടികൾ നടക്കുന്നത്. ഉയർന്ന ഫീസ് വാങ്ങുന്നതിനൊപ്പം സ്കൂൾ വികസനത്തിന്റെയും മറ്റും പേരിലാണ് ഫണ്ട് പിരിവ് നടത്തുന്നത്. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിട്ടുണ്ട്.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളും ഒ.ഇ.സി വിഭാഗവും കോഷൻ ഡെപ്പോസിറ്റ് ഒഴികെ മറ്റ് ഫീസുകൾ ഒന്നും അടയ്ക്കേണ്ടതില്ലെങ്കിലും ഇവരിൽ നിന്നും പല തരത്തിലുള്ള ഫീസുകൾ വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം. സംസ്ഥാന, ജില്ലാ തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് സ്കൂളുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അനധികൃത പണപ്പിരിവ് ബോദ്ധ്യപ്പെട്ടാൽ സ്കൂൾ അധികൃതർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നിന്നു അറിയിച്ചു.
പി.ടി.എ അംഗ്വ ഫീസ് 100 രൂപ
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പി.ടി.എയിൽ അംഗത്വമെടുക്കേണ്ടത് നിർബന്ധമാണ്. അംഗത്വ ഫീസ് ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രതിവർഷം 100 രൂപ. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾ, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് അംഗത്വ ഫീസ് നിർബന്ധമില്ല. മുൻ വർഷത്തെ മൂന്നാം ടേമിലെ പി.ടി.എ ജനറൽ ബോഡിയോഗം തീരുമാനിച്ചിട്ടുണ്ടെങ്കിൽ നടപ്പ് അക്കാദമിക വർഷം പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങൾക്കായി ഹയർ സെക്കൻഡറി സ്കൂളുകളിൽ പരമാവധി 400 രൂപ വരെ പി.ടി.എ ഫണ്ട് ശേഖരിക്കാവുന്നതാണ്. എന്നാൽ ഇതിനായി നിർബന്ധിക്കാനോ കുട്ടികൾക്കെതിരെ നടപടി എടുക്കാനോ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല അതത് സ്കൂൾ പ്രഥമാദ്ധ്യാപകർക്കാണെന്ന് 2007 ജൂൺ 25 ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ നിശ്ചയിച്ച ഫീസ്
₹ 50: അഡ്മിഷൻ
₹ 25: ലൈബ്രറി
₹ 25: കലണ്ടർ
₹ 25: വൈദ്യ പരിശോധന
₹ 30:ഓഡിയോ വിഷ്വൽ യൂണിറ്റ്
₹ 50: സ്പോർട്സ്, ഗയിംസ്
₹ 25: സ്റ്റേഷനറി
₹ 25: അസോസിയേഷൻ
₹ 50: യൂത്ത് ഫെസ്റ്റിവൽ
₹ 25: മാഗസിൻ
₹ 150: കോഷൻ ഡെപ്പോസിറ്റ്: (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100 രൂപ)
₹ 50 വീതം: ലബോറട്ടറി ഫീസ്: (ലബോറട്ടറി ആവശ്യമുള്ള ഓരോ വിഷയങ്ങൾക്കും)
₹ 50 വീതം: കമ്പ്യൂട്ടർ സയൻസ്: (കമ്പ്യൂട്ടർ ആവശ്യമുള്ള ഓരോ വിഷയങ്ങൾക്കും)
അധിക ഫീസിന് പരാതി നൽകാം
ഇ മെയിൽ: ictcelldhse@gmail.com
പൊതുവിദ്യാഭ്യാസ ഡയറക്ടർ: 0471 2320714
ജോ. ഡയറക്ടർ (അക്കാഡമിക്): 0471 2323198
സീനിയർ ഫിനാൻസ് ഓഫീസർ: 0471 2320928
കോ- ഓർഡിനേറ്റർ ഐ.സി.റ്റി സെൽ: 0471 2529855
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |