കോട്ടയം . വേനലിന്റെ കാഠിന്യം കൂടിയതോടെ ഫയർഫോഴ്സും തിരക്കിലാണ്. ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായത്. ഫയർഫോഴ്സിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് വലിയ അപകടങ്ങളിലേക്ക് പോകാതിരുന്നത്. ഈ വർഷം ഇതുവരെ 323 തീപിടിത്തങ്ങളാണുണ്ടായത്. ജനുവരിയിൽ 74, ഫെബ്രുവരിയിൽ 178, മാർച്ചിൽ ഇതുവരെ 71 എന്നിങ്ങനെയാണ് കണക്കുകൾ. നഗരപ്രദേശങ്ങളിൽ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിട്ട ചപ്പുചവറുകൾക്കും കുറ്റിക്കാടുകൾക്കും തീപിടിക്കുന്നത് പതിവായി. റെയിൽവേ ലൈനിനോട് ചേർന്ന കുറ്റിക്കാടുകൾക്കും തീപിടിക്കുന്നുണ്ട്. ഇത്തവണ ചൂട് കൂടിയതിനാൽ ഡിസംബർ അവസാനം മുതൽ തീപിടിത്തം പതിവായി. ഇലക്ട്രിക് പോസ്റ്റിന് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.
ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം
കെട്ടിടങ്ങൾ തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പടരാനുള്ള സാദ്ധ്യത ഒഴിവാക്കണം
പെട്ടെന്നു തീ പടരുന്ന പെട്രോൾ ഉൾപ്പടെയുള്ളവ വീട്ടിനുള്ളിൽ സൂക്ഷിക്കാതിരിക്കുക
ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീ മറ്റു പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം
പാടശേഖരങ്ങളുടെ പരിസരങ്ങളിൽ കഴിയുന്നവർ അഞ്ചു മീറ്റർ വരമ്പെങ്കിലും കാട് നീക്കം ചെയ്യണം
സിഗരറ്റ് കുറ്റി, സാമ്പ്രാണി, തീപിടിക്കാൻ ഇടയുള്ള സാധനങ്ങൾ എന്നിവ വലിച്ചെറിയരുത്.
ഫയർഫോഴ്സ് പൂർണ്ണ സജ്ജം
വേനൽ ചൂടിൽ ജലാശയങ്ങൾ വറ്റിതുടങ്ങി. പലയിടത്തും വെള്ളം കിട്ടാക്കനിയായി. എന്നാൽ തീപിടിത്തമുണ്ടായാൽ ഓടിയെത്തുന്ന ഫയർഫോഴ്സിന് വെള്ളത്തിന് ക്ഷാമമില്ല. വാട്ടർ അതോറിറ്റിയുടെ ഫയർ ഹൈഡ്രന്റുകൾ എല്ലാ സ്റ്റേഷനുകളിലുമുണ്ട്. ഇതിലൂടെ 24 മണിക്കൂറും വെള്ളം കിട്ടുന്നുമെന്ന് മാത്രമല്ല ഉയർന്ന മർദ്ദത്തിലുമായിരിക്കും. കൂടാതെ രണ്ടു ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന അണ്ടർഗ്രൗണ്ട് ടാങ്കും കോട്ടയം ഫയർ സ്റ്റേഷനിലുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ജലാശയങ്ങളിൽ നിന്ന് വെള്ളമെടുക്കാൻ കഴിയുന്ന ഫ്ലോട്ടിംഗ് പമ്പുകളുമുണ്ട്. 101 എന്ന നമ്പറിൽ വിളിക്കുമ്പോൾ കൃത്യമായി വിവരം നൽകണമെന്ന് മാത്രം.
ഫയർ ഹൈഡ്രന്റുകൾ
നഗരത്തിൽ ജനത്തിരക്കുള്ള, ഇടുങ്ങിയ സ്ഥലങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കുന്നത് ഗുണകരമാണെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ഫ്ലാറ്റുകളിൽ ഫയർ ഹൈഡ്രന്റുകളുണ്ട്. നഗരത്തിൽ ചന്തക്കവല പോലെ ധാരാളം കടകളുള്ള, ഇടുങ്ങിയ റോഡുകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഫയർഫോഴ്സിന് എത്തിപ്പെടാൻ ബുദ്ധിമുട്ടായിരിക്കും. ഇതുപോലുള്ള സ്ഥലങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചാൽ രക്ഷാപ്രവർത്തനം എളുപ്പമാകും.
ജില്ലാ ഫയർ ഓഫീസർ റെജി വി കുര്യാക്കോസ് പറയുന്നു.
തീപിടിത്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ബോധവത്കരണം നടത്തിവരുന്നു. വ്യവസായ സ്ഥാപനങ്ങളിലടക്കം പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തും. ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |