കോട്ടയം : കടുത്ത വേനലിൽ വെള്ളത്തിന് ദൗർലഭ്യം നേരിടുന്നതിനൊപ്പം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതും കാർഷികമേഖലയെ പിന്നോട്ടടിക്കുന്നു. തോടിനോട് ചേർന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും മാത്രമാണ് കൃഷി നടക്കുന്നത്. ചിലർ കുഴൽക്കിണറുകൾ കുത്തി വെള്ളത്തിനായി ആശ്രയിക്കുന്നുണ്ട്. വേനൽമൂലം വരൾച്ച കൂടുതലായാൽ തോടുകളിലെയും നീർച്ചാലുകളിലെയും ജലവും വറ്റിവരളും. ഇതോടെ പയർ, പാവൽ, പടവലം തുടങ്ങിയ പച്ചക്കറി കൃഷിയും ഏത്തവാഴ കൃഷിയും പ്രതിസന്ധിയിലാകും. വിഷുവിപണി ലക്ഷ്യമാക്കിയാണ് കർഷകർ കൃഷി ആരംഭിച്ചിരിക്കുന്നത്. എന്നാൽ ചൂടിന്റെ കാഠിന്യത്തിൽ കുലച്ചവാഴകൾ പോലും ഒടിഞ്ഞു വീഴുന്ന സ്ഥിതിയാണ്. പലയിടത്തും കർഷകർ പാട്ടത്തിനെടുത്തു കൃഷി ചെയ്ത വാഴകൾ ചൂടു താങ്ങാതെ ഒടിഞ്ഞു തൂങ്ങി. ചൂട് ആരംഭിച്ചപ്പോൾ തന്നെ കർഷകർ വാഴ നനച്ചുതുടങ്ങിയിരുന്നു. എന്നാൽ കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതോടെ വാഴകൾ നനയ്ക്കാൻ മാർഗമില്ലാതായി.
കടം വാങ്ങി കൃഷിയിറക്കി, പ്രതീക്ഷകൾ കരിഞ്ഞുണങ്ങി
പൂവൻ, ഞാലിപ്പൂവൻ ഇനങ്ങൾക്ക് ലഭിക്കുന്ന മികച്ച വിലയിൽ ആകൃഷ്ടരായാണ് പലരും വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. റബറിന് വിലയിടിഞ്ഞതോടെ റബർ വെട്ടിമാറ്റി വാഴ കൃഷിയിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ഇവർക്കെല്ലാം കടുത്ത വേനൽ തിരിച്ചടിയായിരിക്കുകയാണ്.കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയ പലർക്കും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ നെടുംകുന്നം, കറുകച്ചാൽ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കർഷകർ ഇപ്പോഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്.
ഇരുട്ടടിയായി ഉത്പന്നങ്ങളുടെ വിലയിടിവ്
പച്ചക്കപ്പ 100 രൂപയ്ക്ക് നാലു കിലോ, മൂന്നു കിലോ.. ഏത്തപ്പഴം മൂന്നു കിലോ 100 രൂപ എന്നിങ്ങനെയുള്ള ബോർഡുകൾ വഴിനീളെ കാണുമ്പോൾ, വാങ്ങുന്നവർക്ക് സന്തോഷമാണ്, പക്ഷേ വിൽക്കുന്നവന്റെ സങ്കടം ആരും അറിയുന്നില്ല. ഒരു കിലോ ഏത്തക്കായ് നൽകിയാൽ പരാമവധി 3 0- 35 രൂപയാണ് കർഷകന് ലഭിക്കുന്നത്. ഇതേ കായ നാടൻ എന്ന പേരിൽ വ്യാപാരികൾ വിൽക്കുന്നത് 50 രൂപയ്ക്കും. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണന സാദ്ധ്യതയും നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |