പാലാ : ഇടമറ്റം ചീങ്കല്ല് ജംഗ്ഷന് സമീപം ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കുഴഞ്ഞുവീണ ഡ്രൈവർ ഇടമറ്റം മുകളേൽ (കൊട്ടാരത്തിൽ ) ഗോപാലകൃഷ്ണൻ നായരുടെ മകൻ എം.ജി. രാജേഷ് (41) മരിച്ചു. നിയന്ത്രണം വിട്ട ബസ് കലുങ്കിലും മതിലിലും തെങ്ങിലും ഇടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.15 നായിരുന്നു അപകടം.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രാജേഷ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കലുങ്കും മതിലും ഇടിച്ചു തകർത്ത് തെങ്ങിലിടിച്ചാണ് നിന്നത്. തെങ്ങും മറിഞ്ഞു വീണു. പാലാ - ഇടമറ്റം ചേറ്റുതോട് റൂട്ടിൽ സർവീസ് നടത്തുന്ന വളയത്തിൽ ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ഡ്രൈവർ ഓപ്പറേറ്റിംഗ് ഡോർ സംവിധാനം തകരാറിലായതിനെത്തുടർന്ന് പരിക്കേറ്റവരെ ബസിൽ നിന്ന് പുറത്തിറക്കാൻ താമസം നേരിട്ടു. എല്ലാവരെയും പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ 3 പേർ കോട്ടയം മെഡിക്കൽ കോളേജിലും 4 പേർ പാലാ ജനറൽ ആശുപത്രിയിലും രണ്ടു പേർ ചേർപ്പുങ്കൽ മെഡിസിറ്റിയിലും ഒരാൾ പാലാ മരിയൻ മെഡിക്കൽ സെന്ററിലും ചികിത്സയിലാണ്. രണ്ട് വിദ്യാർത്ഥികളടക്കം 10 പേരെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
മാതാവ് : ലീലാമ്മ മുകളേൽ (ഇടമറ്റം). ഭാര്യ : അഞ്ജു എസ്.നായർ തിടനാട് ചാരാത്ത് കുടുംബാംഗം. മക്കൾ : അനശ്വര, ഐശ്വര്യ (ഇടമറ്റം കെ.ടി.ജെ.എം ഹൈസ്കൂൾ വിദ്യാർത്ഥികൾ). സഹോദരൻ: അംബ രാജീവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |