കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കോട്ടയം ടെക്‌സ്റ്റൈൽസിന് പൂട്ടുവീണിട്ട് ഒരുവർഷമായിയിട്ടും തുറക്കാൻ നടപടിയില്ല. ഇതോടെ കമ്പനിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ജീവനക്കാരും ദുരിതത്തിലായി. വൈദ്യുതി ബിൽ കുടിശികയെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് നിയമസഭയിൽ മന്ത്രി പി.രാജീവ് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. ലേ ഒഫ് ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാർച്ച് 20 നാണ് സ്ഥാപനത്തിന് താഴുവീണത്. വിവിധ കാരണങ്ങളാൽ നേരത്തെ അടഞ്ഞു കിടന്നിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം രണ്ടാം പിണറായി സർക്കാരിന്റെ ആദ്യകാലത്താണ് പുന:രാരംഭിച്ചത്. സ്ഥാപനത്തിന്റെ ശേഷിക്കനുസരിച്ച് നൂൽ ഉത്പാദനം നടക്കുന്നുണ്ടായിരുന്നു. എന്നാൽ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാർ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് ആക്ഷേപം. ഇവർ നൽകുന്ന പോളിസ്റ്റർ നൂലാക്കി തിരികെ നൽകുന്നതിന് നിശ്ചയിച്ച തുക കുറഞ്ഞു പോയതിനെ തുടർന്ന് ശമ്പളം, വൈദ്യുതി ചാർജ് എന്നിവ കുടിശികയായി. 52 ലക്ഷം രൂപ കുടിശികയായതോടെ
കെ.എസ്.ഇ.ബി ഫ്യൂസ് ഊരി.
1968ൽ ആരംഭിച്ച കോട്ടയം ടെക്സ്റ്റൈൽസ് 1977ലാണ് സർക്കാർ ഏറ്റെടുത്തത്. മുൻപ് പ്രതിസന്ധി പരിഹരിക്കാൻ ബഡ്ജറ്റിൽ തുക അനുവദിച്ചെങ്കിലും ലഭിച്ചില്ല. നൂറിലധികം സ്ഥിരം ജീവനക്കാരാണുള്ളത്.
''സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം നിലച്ചതോടെ സ്ത്രീകൾ അടക്കം നൂറുകണക്കിന് തൊഴിലാളികൾ പെരുവഴിയിലായി. ജീവനക്കാരിൽ സമീപവാസികളായ ചിലരൊക്കെ രാവിലെ എത്തി ഒപ്പിട്ട് മടങ്ങുന്നുണ്ട്. വർഷങ്ങളോളം ജോലി ചെയ്ത സ്ഥാപനം പൂർവസ്ഥിതിയലേക്ക് മടങ്ങിവരണമെന്ന് ഇവർക്കൊക്കെ ആത്മാർത്ഥമായ ആഗ്രഹമുണ്ട്''
രതീഷ് ഗോപിനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |