എരുമേലി: എഴുപതു ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങാതെ എരുമേലിപഞ്ചായത്തിന്റെ എൽ.പി.ജി ശ്‌മശാനം(ക്രിമറ്റോറിയം). ട്രയൽ റൺ നടത്തി പ്രവർത്തന സജ്ജമാണെന്ന് പരിശോധിക്കാതെയാണ് ഉദ്ഘാടനം നടത്തിയത്. നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴി ഭാഗത്ത് പഞ്ചായത്ത് വക ഒന്നര ഏക്കർ സ്ഥലത്ത് ആധുനിക അറവുശാല, മാലിന്യ ശേഖരണ സംസ്കരണ യൂണിറ്റ് എന്നിവയോട് ചേർന്നാണ് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ശ്മശാനം നിർമിച്ചത്.ശ്‌മശാനം പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. നിർമാണത്തിൽ സംഭവിച്ച സാങ്കേതിക പിഴവ് മൂലമാണ് ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാൻ കഴിയാത്തതെന്നും പരിഹാര മാർഗങ്ങൾ തേടണമെന്നും കമ്മിറ്റി വിലയിരുത്തി.
2020ലാണ് നിർമാണം പൂർത്തിയായത്. ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് 50 ലക്ഷവും തനത് ഫണ്ട് 20 ലക്ഷവും ഉൾപ്പെടെ 70 ലക്ഷമായിരുന്നു ചിലവായത്. 2020 ഒക്ടോബർ 15 നായിരുന്നു ഉദ്ഘാടനം. സർക്കാർ അക്രഡിറ്റഡ് ഏജൻസി കോസ്റ്റ് ഫോർഡാണ് നിർമാണം നടത്തിയത്. ചൂള നിർമിച്ചത് ജ്വാല എന്ന ഏജൻസിയായിരുന്നു. നിർമാണം നടത്തിയ ഏജൻസി ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാതെയാണ് ഫണ്ട് കൈപ്പറ്റിയത്. ശ്മശാനം പ്രവർത്തിപ്പിച്ച് ബോധ്യപ്പെടു ത്തേണ്ട ഉത്തരവാദിത്വം കരാർ വ്യവസ്ഥയിൽ ഇല്ലെന്നാണ് ഏജൻസി അധികൃതർ പറയുന്നത്. ഗുരുതരമായ ക്രമക്കേടും വീഴ്ചയും മൂലമാണ് പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
പ്രവർത്തന സജ്ജമാക്കാൻ ഇനിയും പണം വേണം
സാങ്കേതിക പിഴവുകൾ പരിഹരിച്ചു ശ്മശാനം പ്രവർത്തനസജ്ജമാക്കാൻ ഇനിയും ഫണ്ട് ചെലവിടേണ്ടി വരും. ഗ്യാസ് ഉപയോഗിച്ച് ക്രിമറ്റോറിയത്തിലെ ചൂള പ്രവർത്തിപ്പിക്കുമ്പോൾ കെട്ടിടവും പരിസരവും പുക നിറയുകയാണ്. പുക കടത്തി വിടാൻ ഉയരമേറിയ കുഴൽ ഉണ്ടെങ്കിലും കെട്ടിടത്തിനുള്ളിലാണ് പുക നിറയുന്നത്. ആറ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിനാണ് ഇവിടെ ഫർണസ് സംവിധാനമുള്ളത്. ഫർണസിന് ഒരു വർഷവും ഉപകരണങ്ങൾക്ക് രണ്ട് വർഷവും വാറന്റി കാലാവധിയുണ്ടായിരുന്നത് കഴിഞ്ഞതിനാൽ ഇനി ഇവ പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് സ്വന്തം ഫണ്ട് ചെലവിടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |