പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് കക്കറമുക്ക് വാർഡിൽ യു.ഡി.എഫിന് മിന്നും വിജയം. 168 വോട്ടിനാണ് സീറ്റ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തത്. ഇതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്ലിംലീഗിലെ പി. മുംതാസിന് 755 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.ഐയിലെ കെ.സി. ആസ്യ 587 വോട്ട് നേടി. ബി.ജെ.പി സ്ഥാനാർത്ഥി കെ.എം.ശാലിനിക്ക് 20 വോട്ടും ലഭിച്ചു. അപരകൾ ഉൾപ്പെടെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇരുമുന്നണികൾക്കും വിജയം അനിവാര്യമായ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിലൂടെയാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം നിലനിർത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡിൽ ജയിച്ചത്. 15ാം വാർഡിൽ നിന്ന് തിരഞ്ഞെടുത്ത പ്രസിഡന്റായ ഇ.ടി രാധ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ 15 അംഗ ഭരണസമിതിയിൽ എട്ട് വാർഡുകളിൽ എൽ.ഡി.എഫും ഏഴ് വാർഡുകളിൽ യു.ഡി.എഫുമാണ് വിജയിച്ചത്. എൽ.ഡി.എഫിലെ സി.പി.ഐ പ്രതിനിധി ഇ.ടി രാധയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. എൽ.ഡി.എഫിനും യു.ഡി.എഫിനും വ്യക്തമായ ആധിപത്യമില്ലാത്ത വാർഡിൽ കഴിഞ്ഞ തവണ 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ശ്രീലേഖ പയ്യത്തിനെ ഇ.ടി.രാധ പരാജയപ്പെടുത്തിയത്. രാധയുടെ മരണത്തോടെ ഇരുമുന്നണികൾക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ യു.ഡി.എഫിനായിരുന്നു ജയം. കക്കറമുക്ക് വാർഡിലെ വൻ വിജയത്തിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |