വടക്കാഞ്ചേരി : അകമല കേന്ദ്രീകരിച്ച് താത്കാലികമായി രൂപീകരിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലേക്കുള്ള (ആർ.ആർ.ടി) വളണ്ടിയർമാരെ രൂക്ഷമായ വന്യമൃഗശല്യം അനുഭവപ്പെടുന്ന അകമല, മങ്കര, മാരാത്തുകുന്ന്, ബ്ലോക്ക് വാർഡ് എന്നിവിടങ്ങളിൽ നിന്ന് നിയമിക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. പട്ടാപ്പകൽ പോലും കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നിർദ്ദേശ പ്രകാരം ആർ.ആർ.ടി രൂപീകരിക്കുന്നത്. ഒരു സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ, നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, രണ്ട് താത്കാലിക വാച്ചർമാർ എന്നിവരുൾപ്പെടുന്നതാണ് സംഘം. വാഴാനി, എളനാട് സ്റ്റേഷനിലെ വനപാലകർക്കാണ് ചുമതല. പട്ടിക്കാട് റേഞ്ചിന്റെ കൈവശമുള്ള വാഹനമാണ് ഇവർക്കായി വിട്ടുനൽകുക.
വിജ്ഞാന കേരളം, വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി 24ന് നഗരസഭാതലത്തിൽ പ്രാദേശിക തൊഴിൽമേള സംഘടിപ്പിക്കും. സ്വച്ഛ് സർവേക്ഷനിൽ മികച്ച റാങ്കിംഗ് കൈവരിക്കാൻ പ്രയത്‌നിച്ചവരെ ആദരിക്കും. സ്വച്ച് ഭാരത് മിഷൻ ( നഗരം) 2.0 സ്വച്ച് സർവേഷൻ സംസ്ഥാന സർക്കാരിന്റെ ആദരിക്കൽ ജനങ്ങളിലേക്കുള്ള ക്ഷണം, ഹരിതമിത്രം 2.0 ആപ്ലിക്കേഷൻ പ്രകാശനം എന്നിവയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം വഴുതക്കാട് നടക്കുന്ന ചടങ്ങിൽ നഗരസഭ പ്രതിനിധികൾ പങ്കെടുക്കും. സായംപ്രഭ ഹോമിന് കെയർടേക്കറെ നിയമിക്കുന്നതിനും മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും തീരുമാനമെടുത്തു. നഗരസഭാ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഷീലാ മോഹൻ, പി.ആർ.അരവിന്ദാക്ഷൻ, എ.എം. ജമീലാബി, സ്വപ്ന ശശി, റിസ്മി മുഹമ്മദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |