കോഴിക്കോട്: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ നാം കെെവരിച്ചിട്ടുള്ള നേട്ടങ്ങൾ ചില സമയങ്ങളിൽ നമുക്ക് വിനയായി വരികയാണെന്ന് സംശയമുണ്ട്. ഇൻഷ്വറൻസ് പദ്ധതി അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതിൽ കാര്യമായ പരിഗണന കേരളത്തിന് ലഭിക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ തന്നെ പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിലൊന്നായി കോഴിക്കോട് മെഡിക്കൽ കോളേജ് മാറി. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി കോഴിക്കോട് ആരോഗ്യമേഖലയിൽ വൻ കുതിപ്പാണ് സൃഷ്ടിക്കുക. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യം നൽകുന്നതിലൂടെ ലോകത്തിൽ തന്നെ മാതൃകയാണ് കേരളം. നീതി ആയോഗ് ആരോഗ്യസൂചികയിൽ കേരളം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ കേരളത്തിലെ ജനങ്ങൾക്ക് ചികിത്സ കിട്ടാതിരിക്കരുത്. അതിനാണ് സർക്കാർ ശ്രമിക്കുന്നത്. സാക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്, ജീവിത ശെെലീ രോഗങ്ങൾ എന്നിവയെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഒരു പൊൻ തൂവൽ കൂടിയാണ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കെന്ന്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൺസുഖ് മാണ്ഡവ്യ പറഞ്ഞു. ചടങ്ങിൽ ഓൺലെെനായി അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ആരോഗ്യമേഖലയിൽ കുതിപ്പുണ്ടാക്കുന്ന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകായാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, , അഹമ്മദ് ദേവർകോവിൽ, എം.കെ രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സച്ചിൻ ദേവ് എം.എൽ.എ, കെ.കെ രമ എം.എൽ.എ, കാനത്തിൽ ജമീല, പി.ടി.എ. റഹീം , കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇ.വി.ഗോപി, സൂപ്രണ്ട് ശ്രീജയൻ എം.പി തുടങ്ങിയവർ പങ്കെടുത്തു.
പി.എം.എസ്.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ ബ്ലോക്കിൽ 5 സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം 120 കോടി, സംസ്ഥാനം 75.93 കോടി) ചെലവഴിച്ചതാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. 7 നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആക്സിഡന്റ് ആൻഡ് എമർജൻസി കെയർ, 5 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 500 കിടക്കകൾ, 19 ഓപ്പറേഷൻ തിയേറ്ററുകൾ, 10 തീവ്ര പരിചരണ യൂണിറ്റുകൾ, ഐ.പി.ഡി., ഫാക്കൽറ്റി ഏരിയ, സി.ടി., എം.ആർ.ഐ, ഡിജിറ്റൽ എക്സ്‌റേ, സി.സി. ടി.വി. സംവിധാനം, ഡേറ്റാ സംവിധാനം, പി.എ. സിസ്റ്റം എന്നീ സംവിധാനങ്ങൾ ഈ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും. കാർഡിയോ വാസ്‌കുലർ ആൻഡ് തൊറാസിക് സർജറി, എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, യൂറോളജി ആൻഡ് റീനൽ ട്രാൻസ് പ്ലാന്റ് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി എന്നിവയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ. 190 ഐ.സി.യു കിടക്കകളിൽ 20 കിടക്കകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മൾട്ടി ഓർഗർ ട്രാൻസ് പ്ലാന്റേഷനും 20 കിടക്കകൾ കിഡ്ണി ട്രാൻസ് പ്ലാന്റേഷനും 20 കിടക്കകൾ തലയ്ക്ക് പരിക്കേറ്റവർക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |