കിളിമാനൂർ: പത്രം ഏജന്റ് വാടകയ്ക്ക് നൽകിയ വീട്ടിൽ ആക്രമണം നടത്തിയ പ്രതികളെ പിടികൂടുന്നില്ലെന്ന് ആക്ഷേപം. ആക്രമണത്തിൽ പൊലീസിൽ പരാതി നൽകിയതിനെതിരെ കഴിഞ്ഞദിവസം വീണ്ടും പ്രതികൾ വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞുടച്ചതായും പരാതി. അതേസമയം, പൊലീസിൽ പരാതി നൽകിയിട്ടും നടപടിസ്വീകരിക്കുന്നില്ലെന്ന് ഉടമ ആരോപിച്ചു. പത്രം ഏജന്റായ കട്ടപ്പറമ്പ് പൊന്നമ്മൂല വീട്ടിൽ അനിൽ കുമാർ വാടകയ്ക്ക് നൽകിയിരുന്ന വീടിന് നേരെ ഇക്കഴിഞ്ഞ 17 നാണ് അതിക്രമം നടന്നത്. ടാപ്പിംഗ് തൊഴിലാളിയായ സലിംകുമാറിന് വാടകയ്ക്ക് നൽകിയ വീട്ടിൽ മദ്യപിച്ചെത്തിയ നാലഗസംഘം അസഭ്യം പറയുകയും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ അടിച്ചുതകർക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പ്രതികൾക്കെതിരെ നഗരൂർ പൊലീസിൽ പരാതിനൽകി. പൊലീസെത്തി സിസി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു സംഭവം വിലയിരുത്തിയെങ്കിലും പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസവും ഇതേ പ്രതികൾ വീടിന്റെ ജനാല തല്ലി തകർത്തത്. സംഭവത്തിൽ വീണ്ടും നഗരൂർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അനിൽകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |