കൊച്ചി: റോയൽ എൻഫീൽഡിന്റെ ഫിമാലയൻ മോഡൽ ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും മുംബയിൽ ജ്യൂസ് കടയിലെ ജീവനക്കാരനുമായ ജസീൽ ജമാൽ (25) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുമ്പ് എറണാകുളം സെൻട്രൽ സ്‌ക്വയർ മാളിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് 25കാരൻ ലോക്കുപൊളിച്ച് കടത്തിയത്. ശേഷം കൊച്ചിയിൽ നിന്നും സ്ഥലംവിട്ടു.
ഉടമ നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ ഇയാൾ മുംബയിലുണ്ടെന്ന് കണ്ടെത്തി. പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനിടെ ജസീൽ ബുള്ളറ്റിൽ കറങ്ങി നടക്കുന്നത് തൃശൂർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ കൊച്ചി സിറ്റി പൊലീസിന് കൈമാറി. ബുള്ളറ്റ് കൊച്ചിയിൽ നിന്നും മോഷണം പോയതാണെന്ന് ഉറപ്പിച്ചു.
പിന്നീട്, പ്രത്യേക അന്വേഷണസംഘം തൃശൂരിലെത്തി ജസീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകിയുമൊത്ത് ബുള്ളറ്റിൽ കറങ്ങി നടക്കുന്നതിനിടെയായിരുന്നു പിടിവീണത്. നേരത്തെ നോർത്തിൽ നിന്ന് ഇതേ മോഡലിലുള്ള ബുള്ളറ്റ് മോഷ്ടിച്ചിരുന്നു. മോഷ്ടിക്കുന്ന ബൈക്ക് സ്വന്തമെന്ന് വിശ്വസിപ്പിച്ച് കാമുകിയുമൊത്ത് കറങ്ങുന്നതാണ് ഇയാളുടെ ഹോബി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ അനൂപ്, വിഷ്ണു, മുളവുകാട് സ്റ്റേഷനിലെ എസ്.ഐ കെ.എം. ഷാജി, സി.പി.ഒമാരായ പ്രശാന്ത് ബാബു, ഹരീഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |