കോഴിക്കോട്: അപകടങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാനാഞ്ചിറയിലെ എൽ.ഐ.സി ജംഗ്ഷനിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കരം ഭാഗികമായി വിജയം കണ്ടതായി വിലയിരുത്തൽ. പുതുതായി ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കാരം ബസുകളുടെ മത്സരയോട്ടം ഒരു പരിധി വരെ കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ട്രാഫിക് പൊലീസ്. ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തി ആറ് ദിവസം പിന്നിട്ടപ്പോൾ ചെറുതും വലുതുമായ 100ഓളം വാഹനങ്ങൾക്കാണ് പൊലീസ് പിഴ ഈടാക്കിയത്. നിയമം തെറ്രിക്കുന്ന വാഹനങ്ങളെ പിടി കൂടാൻ രണ്ട് ട്രാഫിക് പൊലീസും മുഴുവൻ സമയവും രംഗത്തുണ്ട്. നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് അടുത്തിടെയായി മാനാഞ്ചിറയിൽ നടന്നത്. കഴിഞ്ഞ ദിവസം എൽ.ഐ.സി ബസ് സ്റ്റോപ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് ദമ്പതികൾ മരിച്ചതോടെയാണ് മാനാഞ്ചിറയിലെ ട്രാഫിക് പരിഷ്കാരത്തിന് ആക്കം കൂടിയത്. തുടർന്ന് കൂടുതൽ ഡിവൈഡറുകൾ നിരത്തി ബസ് ബേയുടെ നീളവും വീതിയും കൂട്ടി. സിറ്റി ബസ്, സിറ്റിക്ക് പുറത്തേക്ക് പോകുന്ന ബസ്, കെ.എസ്.ആർ.ടി.സി ബസ് എന്നിങ്ങനെ നേരത്തെ മൂന്നുവരിയിലൂടെ ബസ് സ്റ്റോപ്പിൽനിന്ന് ആളെ കയറ്റിയിരുന്ന രീതി നിർത്തലാക്കി. എല്ലാ വാഹനങ്ങളും ഒരൊറ്റ വരിയിലൂടെ അകത്ത് കടന്ന് ആളെ കയറ്റി അതേ വരിയിലൂടെയാണ് പുറത്തേക്ക് കടക്കുന്നത്. ആളെ കയറ്റി എത്രയുംവേഗം ബസ് ബേയിൽനിന്ന് പുറത്തുകടക്കേണ്ടതിനാൽ ബസുകൾ ദീർഘനേരം നിറുത്തിയിടുന്നത് ഒഴിവായി. മാനാഞ്ചിറ മൈതാനത്തിന്റെ തെക്കുവശത്തുള്ള നടപ്പാതയോട് ചേർന്നുനിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ ചില്ലിൽ തട്ടുന്നത് ഒഴിവാക്കാൻ ബസുകൾ അകറ്റി എടുക്കുന്നത് കാൽനടക്കാർക്ക് ഭീഷണിയാവുന്നുണ്ട്. ഇത് പരിഹരിക്കാൻ മരങ്ങളുടെ ചാഞ്ഞ കൊമ്പുകൾ എല്ലാം വെട്ടിമാറ്റി. ഈ മേഖലയിലെ വാഹന പാർക്കിംഗും നിർത്തലാക്കിയിട്ടുണ്ട്. പട്ടാളപ്പള്ളിക്കുമുന്നിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളും നീക്കം ചെയ്തു.
കമീഷണർ ഓഫിസിനുമുന്നിലൂടെ കിഡ്സൺ കോർണറിലേക്ക് വാഹനങ്ങൾ അമിതവേഗത്തിൽ വരുന്നത് തടയാൻ മാനാഞ്ചിറ മൈതാനത്തിന്റെ പ്രവേശന കവാടത്തിനു മുന്നിൽ വലിയ ഹംപ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മാനാഞ്ചിറ സ്‌ക്വയറിന് ചുറ്റുമുള്ള റോഡ് ആയതിനാൽ തന്നെ രണ്ടു വളവുകളാണ് കിഡ്സൺ കോർണർ പ്രദേശത്ത് അടുത്തടുത്തായി ഉള്ളത്. ഇവിടങ്ങളിൽ എത്തുന്ന ബസുകൾ അമിത വേഗതയിലെത്തി അശ്രദ്ധമായാണ് വളവിലൂടെ പോകുന്നത്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്കാണ് വഴിയൊരിക്കിയിരുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് തലനാരിഴയ്ക്ക് അപകടം ഒഴിവാകുന്നത്. എൽ.ഐ.സിക്ക് മുന്നിൽ ബസുകൾ നിർത്തുന്നതിനായി താത്കാലിക ബസ് ബേ ട്രാഫിക് പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദീർഘദൂര ബസുകൾ നടുറോഡിൽ നിർത്തിയാണ് ആളുകളെ കയറ്റിയിരുന്നത്. സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസുകളും സിറ്റി ബസുകളും മത്സരയോട്ടം നടത്തി എൽ.ഐ.സി സ്റ്റോപ്പിൽ നിർത്താതെ തോന്നിയ പോലെ ബസ് നിർത്തുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് പോലും കാരണമാകാറുണ്ട്.
''കിഡ്സൺ കോർണറിലേക്ക് വാഹനങ്ങൾ അമിതവേഗത്തിൽ വരുന്നത് തടയാൻ മാനാഞ്ചിറ മൈതാനത്തിന്റെ പ്രവേശന കവാടത്തിനു മുന്നിൽ അടുത്ത ആഴ്ചയോടെ ഹമ്പ് നിർമ്മിക്കും''- എ.ജെ ജോൺസൺ. എ.സി.പി ട്രാഫിക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |