കോതമംഗലം: ആൺസുഹൃത്തിനെ കളനാശിനി കൊടുത്ത് കൊന്ന് യുവതിയുടെ പ്രതികാരം. ടിപ്പർ ലോറി ഡ്രൈവർ മാതിരപ്പിള്ളി മേലേത്ത്മാലിൽ വീട്ടിൽ അൻസിൽ അലിയാർ (38) ആണ് കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി പരേതയായ ലിസിയുടെ മകൾ അഥീനയെ (30) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
രാത്രിയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കൊടുത്ത് കൊന്നതായാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലെത്തിയ അൻസിൽ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഡിസ്‌പോസിബിൾ ഗ്ലാസിൽ കളനാശിനി ശീതളപാനീയത്തിൽ ചേർത്ത് നൽകുകയായിരുന്നു. അബോധാവസ്ഥയിലായതോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അഥീന അറിയിച്ചതിനെ തുടർന്ന് പൊലീസും ബന്ധുക്കളും എത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രി എട്ടിന് മരിച്ചു. അഥീനയാണ് വിഷം നൽകിയതെന്ന് അൻസിൽ ആംബുലൻസിൽ വച്ച് ബോധം വന്നപ്പോൾ ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നു. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഥീന റിമാൻഡിലാണ്. അവിവാഹിതയാണ്.
തർക്കം പതിവ്
ഇരുവരും ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കും പതിവായിരുന്നു. അൻസിൽ മർദ്ദിച്ചതായി ഒരു വർഷം മുമ്പ് അഥീന കോതമംഗലം പൊലീസിൽ നൽകിയ പരാതി രണ്ടാഴ്ച മുമ്പ് പിൻവലിച്ചെങ്കിലും ഒത്തുതീർപ്പു പ്രകാരമുള്ള പണം അൻസിൽ നൽകിയില്ല. ഇതേചൊല്ലി ചൊവ്വാഴ്ച ഉണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് അഥീന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഒരു മാസം മുമ്പ് അൻസിലിന്റെ സുഹൃത്ത് സോണി അഥീനയെ മർദ്ദിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ചിരുന്നു. ഈ കേസിൽ സോണി അറസ്റ്റിലായിരുന്നു. കളനാശിനിയുടെ കുപ്പിയും അൻസിലിന്റെ മൊബൈൽ ഫോണും അഥീനയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധവും പ്രശ്‌നങ്ങളും വ്യക്തമാക്കുന്ന വിവരങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കോതമംഗലം ഇൻസ്‌പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേക്ഷണം. അൻസിലിന്റെ സംസ്‌കാരം ഇന്നലെ നടന്നു. വിവാഹിതനായ അൻസിലിന് ഒരു മകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |