കോഴിക്കോട്: തീരദേശ മേഖലയിലെ കുടുംബങ്ങളുടെ പുരോഗമനത്തിനായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടലോര മേഖലയിൽ നടപ്പിലാക്കിയത് നിരവധി പ്രവർത്തനങ്ങൾ. തീരദേശത്ത് താമസിക്കുന്ന രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായാണ് കോടിക്കണക്കിന് രൂപയുടെ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കിയത്. ജില്ലയിൽ മൊത്തം 4716 വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ പ്രീമെട്രിക് വിഭാഗത്തിൽ 31,31643 രൂപയും പാരലൽ കോളേജ് വിഭാഗത്തിൽ 26,77875 രൂപയും, ഐ.ടി.ഐ വിഭാഗത്തിൽ 6,90480 രൂപയും, ഫിഷറീസ് ഈ ഗ്രാന്റസിനായി 1,57,25436 രൂപയും അനുവദിച്ചു. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. മെഡിക്കൽ എൻട്രൻസ് പരീക്ഷാ പരിശീലനത്തിനും ഐ.ഐ.ടി, എൻ.ഐ.ടി പരിശീലനത്തിനുമാണ് ധസഹായം നൽകിയത്. ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് വിവിധ ഉപകരണങ്ങൾ നൽകുന്നതിനും ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനും സുരക്ഷാ സംവിധാനത്തിനും മത്സ്യബന്ധന വകുപ്പ് ധനസഹായവും വിവിധ പദ്ധതികളും നടപ്പിലാക്കിയിരുന്നു. വിവിധ സുരക്ഷാ ഉപകരണങ്ങൾക്ക് 50 ശതമാനം മുതൽ 90 ശതമാനം വരെയാണ് സബ്സിഡി നൽകിയത്. ജില്ലയിൽ ബേപ്പൂർ മുതൽ വടകര വരെ നീണ്ടു നീൽക്കുന്ന തീരദേശം കേന്ദ്രീകരിച്ചാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |