കോഴിക്കോട്: സമൂഹത്തിൽ കുറഞ്ഞ വേതനമുള്ള തൊഴിൽ മേഖലകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണമെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതാ കമ്മിഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സമൂഹത്തിൽ ഇന്ന് തുല്യ വേതനം സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് സർക്കാർ മേഖലയിലാണ്. സർക്കാർ മേഖലയിൽ സ്ത്രീകൾ കൂട്ടത്തോടെ ജോലി ചെയ്യുന്നത് സാമൂഹിക ക്ഷേമ മേഖലയിലാണ്. അങ്കണവാടികളിലും ആശാവർക്കർമാരായും കുടുംബശ്രീകളിലും ജോലി ചെയ്യുന്നു. അതേസമയം ഇവർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ചോദിക്കുമ്പോൾ പറയുന്നത് ശമ്പളമല്ല, സേവനമായതിനാൽ അതിനുള്ള വേതനമാണ് നൽകുന്നത് എന്നാണ്. എന്നാൽ ഈ കുറഞ്ഞ വേതന മേഖലയിൽ പുരുഷന്മാരെ ആരെയും കാണുന്നില്ല. ഈ നിലപാട് സർക്കാരുകളും മാറ്റേണ്ടതുണ്ടെന്നും സതീദേവി പറഞ്ഞു.
പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്രാവേളകളിലും സ്ത്രീകൾ അപമര്യാദ നേരിടേണ്ടിവരുന്നു. നിയമങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരല്ല എന്നതാണ് കാരണം. 2005ലെ ഗാർഹിക പീഡന നിരോധന നിയമം സംബന്ധിച്ച് നിരവധി ബോധവത്കരണ ക്ലാസുകൾ വനിതാകമ്മിഷൻ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെ പങ്കാളിത്തം കുറവാണ്. പീഡകരിൽ 90 ശതമാനത്തോളം പുരുഷന്മാർ ആണെന്നതിനാൽ ബോധവത്കരണ ക്ലാസുകളിൽ അവരെ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. സ്ത്രീ വിരുദ്ധമായ ചുറ്റുപാടിൽ നിന്നും അവരുടെ സാമൂഹിക പദവി മെച്ചപ്പെടുത്തി മന്നോട്ടുകൊണ്ടുവരിക എന്ന ദൗത്യമാണ് വനിതാ കമ്മിഷൻ ഏറ്റെടുത്തിരിക്കുന്നത്. അതിനുള്ള പ്രചരണ പരിപാടികളുമായി കമ്മീഷൻ മന്നോട്ടു പോകുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.അനുഷ അദ്ധ്യക്ഷയായി. വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ, വനിതാ കമ്മിഷൻ പ്രൊജക്ട് ഓഫീസർ എൻ.ദിവ്യ, വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ. ആർ.അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു. തീരദേശ മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. കെ. വിജുലയും ഗാർഹിക പീഡന നിരോധന നിയമം 2005 നെക്കുറിച്ച് അഡ്വ.പി.എം ആതിരയും ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |