ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്
കോഴിക്കോട്: കന്നിയിലെ മഴ കനത്തു പെയ്തതോടെ ജില്ലയെ വെള്ളത്തിലാക്കി. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 24 ശതമാനം മഴയാണ് കൂടുതൽ പെയ്തിറങ്ങിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം 95.1 മില്ലിമീറ്റർ മഴയാണ് പെയ്യേണ്ടത്. എന്നാൽ 118.1 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയിൽ മഴ കനത്തുപെയ്യുന്ന സാഹചര്യത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി മലയോര മേഖലയിൽ പെയ്യുന്ന ശക്തമായ മഴയിൽ പുഴകളും തോടുകളുമെല്ലാം നിറഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ മാവൂർ ചാത്തമംഗലം പഞ്ചായത്തുകളിൽ വ്യാപകമായി കൃഷിനാശമുണ്ടായി. ചിലയിടങ്ങളിൽ മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റുമുണ്ട്. വരും ദിവസങ്ങളിലും ജില്ലയിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വടക്ക് പടിഞ്ഞാറ് ദിശയിൽ അടുത്ത നാലു ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ, ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ജില്ലയിൽ ഇന്ന് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മലയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |