
കല്ലമ്പലം: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ, ഒന്നാം പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. ആലുംമൂട് കല്ലുവിള വീട്ടിൽ ജ്യോതിഷ് (25),ഒളിവിൽ കഴിയാൻ സഹായിച്ച കല്ലമ്പലം തെങ്ങുവിള വീട്ടിൽ ഷിജിൻ (25) എന്നിവരെയാണ് ബംഗളൂരുവിലെത്തി കല്ലമ്പലം പൊലീസ് പിടികൂടിയത്. മറ്റ് പ്രതികൾ ഒളിവിലാണ്.
ഒറ്റൂർ മാവേലിക്കോണം കാർത്തികയിൽ പ്രജീഷിനാണ് (39) വെട്ടേറ്റത്.ഇരുകാലുകൾക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടനില തരണം ചെയ്തതോടെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ 7ന് രാത്രി 11ഓടെയാണ് മൂന്നംഗ സംഘം പ്രജീഷിന്റെ വീടിന്റെ ജനലുകൾ അടിച്ച് തകർത്തും അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.തുടർന്ന് അകത്തുകയറി കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ തുരുതുരാ വെട്ടുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് രക്തത്തിൽ കുളിച്ച പ്രജീഷിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മുഖംമൂടി ധരിച്ചിരുന്ന അക്രമികൾ സംഭവശേഷം ഓടി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ പ്രശാന്ത്,ഹരി,എസ്.സി.പി.ഒമാരായ അനീഷ്,ഷിജാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |