നൃത്ത പരീക്ഷണവുമായി ദമ്പതിമാർ
കോഴിക്കോട്: കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ കഥകളിക്കെന്തു കാര്യം ?. എന്നാൽ ഈ നാലു കലകൾക്കും പരസ്പരം കെെകോർക്കാമെന്ന് തെളിയിക്കുകയാണ് നൃത്ത ദമ്പതികളായ ബാലുശ്ശേരി സ്വദേശി ഡോ. ബിജിനയും ഹെെദരാബാദ് സ്വദേശി എം. സുരേന്ദ്രനാഥും.
ഇവ നാലും സമന്വയിക്കുന്ന നൃത്തരൂപം 'യാജ്ഞസേനി' ഇന്ന് വെെകിട്ട് ആറിന് നളന്ദ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ 2023ലെ ഉസ്താദ് ബിസ്മില്ലാഖാൻ യുവ പുരസ്കാര ജേതാവാണ് സുരേന്ദ്രനാഥ്. രണ്ട് പതിറ്റാണ്ടായി ഇരുവരും മോഹിനിയാട്ട രംഗത്തുണ്ട്. ബിജിന കലാമണ്ഡലത്തിൽ മോഹിനിയാട്ടം മുഖ്യവിഷയവും കുച്ചുപ്പുടി ഉപവിഷയമായും ബിരുദമെടുത്ത ശേഷം ഹൈദരാബാദിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. പതിനഞ്ചോളം കലാകാരന്മാരിൽ ആറു പേർ മലയാളികളാണ്. ബാക്കിയുള്ളവർ ഹെെദരാബാദ് സ്വദേശികൾ. ഇവരിൽ തെലുങ്ക് സിനിമാ സംവിധായകൻ ത്രിവിക്രം ശ്രീനിവാസിന്റെ ഭാര്യ സൗജന്യ ശ്രീനിവാസുമുണ്ട്.
കഥ ഇങ്ങനെ
പഞ്ചപാണ്ഡവരുടെ പുതിയ കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ട ദുര്യോധനൻ അതിന്റെ മായാകാഴ്ചകളിൽ മതിമറന്നുപോയി. വെള്ളമുണ്ടെന്നു തോന്നി കാൽ പൊക്കിവച്ചിടത്ത് വെള്ളമില്ല. വെള്ളമില്ലെന്ന് തോന്നിച്ച ഭാഗത്ത് ധെെര്യത്തോടെ നടന്നപ്പോൾ വെള്ളത്തിലകപ്പെട്ടു. ഇത് കണ്ട് കളിയാക്കി ചിരിച്ച പാഞ്ചാലിയുടെ പരിഹാസമാണ് കുരുക്ഷേത്ര യുദ്ധത്തിനിടയാക്കിയത്. പാഞ്ചാലി വസ്ത്രാക്ഷേപം വരെയെത്തിയ മഹാഭാരത കഥയിലെ വികാര നിർഭരമായ രംഗങ്ങളാണ് ഒരു മണിക്കൂർ അവതരണത്തിലുള്ളത്.
കഥാപാത്രങ്ങൾ സ്വീകരിച്ച നൃത്തരൂപങ്ങൾ
ദുര്യോധൻ- കുച്ചുപ്പുടി
ദുശ്ശാസനൻ, രൗദ്രഭീമൻ, കൃഷ്ണൻ, പഞ്ചപാണ്ഡവർ- കഥകളി
ശകുനി- ഭരതനാട്യം
പാഞ്ചാലി- മോഹിനിയാട്ടം
ഭാരതനാട്യത്തിന്റെ ഭംഗി, മോഹിനിയാട്ടത്തിന്റെ ലാളിത്യം, കുച്ചുപ്പുടിയുടെ ഉജ്ജ്വലാഭിനയം, കഥകളിയുടെ തീവ്രത എന്നിവ യാജ്ഞസേനിയിൽ സമന്വയിക്കുന്നു.
- ഡോ. ബിജിന സുരേന്ദ്രനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |