ചേളന്നൂർ: അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി, മണിക്കൂറുകളോളം പ്രദേശത്ത് ഭീതി പരത്തി. പോത്തിന്റെ കുത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കുമാരസ്വാമിയിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളം ഭീതിപരത്തിയ പോത്തിനെ ഒടുവിൽ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് കീഴ്‌പ്പെടുത്തി. കുമാരസ്വാമി-നരിക്കുനി റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പാലത്ത് ബീഫ് സ്റ്റാളിൽ അറക്കാൻ കൊണ്ടുവന്ന പോത്തിനെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് കയർ പൊട്ടിച്ച് വിരണ്ടോടിയത്. തുടർന്ന് റോഡരികിലുള്ള നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ തകർത്തു. കുമാരസ്വാമിയിലെത്തിയ പോത്ത്, കുമാർ എന്ന തമിഴ്‌നാട് സ്വദേശിയെ കുത്തി എറിയുകയും മീൻ ഇറക്കുകയായിരുന്ന മത്സ്യവിൽപ്പനക്കാരൻ വളയനം കണ്ടി ഇസ്മയിലിനെ തുടയിൽ കൊമ്പു കൊണ്ടു കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരണ്ടോടിയ പോത്ത് പ്രദേശത്തെ വിറപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. ഒടുവിൽ അമ്പലത്ത് കുളങ്ങര വയലിലേക്കിറങ്ങിയപ്പോഴേക്കും കാക്കൂർപൊലീസും നരിക്കുനി ഫയർഫോഴ്‌സും സ്ഥലത്തെത്തി. പോത്തിനെ മയക്കുവെടിവച്ച് കീഴ്‌പെടുത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അപ്പോഴേക്കും വയലിലേക്ക് കടന്ന പോത്തിനെ നാട്ടുകാർ കയറിട്ട് കെട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |